തിരുവനന്തപുരം: സംസ്ഥാനത്തെ റേഷൻ വ്യാപാരികൾ അനിശ്ചിത കാല കടയടപ്പ് സമരത്തിലേക്ക്. ഈ 27 മുതൽ അനിശ്ചിതകാലത്തേക്ക് സംസ്ഥാന വ്യാപകമായി റേഷൻ കടകൾ അടച്ചിട്ട് പ്രതിഷേധിക്കാനാണ് തീരുമാനം.
വിവിധ ആവശ്യങ്ങളുന്നയിച്ച് റേഷൻ വ്യാപാരി സംയുക്ത സമിതിയാണ് കടയടപ്പിന് ആഹ്വാനം ചെയ്തിരിക്കുന്നത്. റേഷൻ വ്യാപാരികളുടെ വേതനം പരിഷ്കരിക്കുക, കമ്മീഷൻ വിതരണം ചെയ്യുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. ഈ ആവശ്യങ്ങൾ പലതവണ സർക്കാരിന്റെ ശ്രദ്ധയിൽ പെടുത്തിയിട്ടും നടപടികളൊന്നും കൈക്കൊള്ളാത്ത സാഹചര്യത്തിലാണ് സമരത്തിലേക്ക് നീങ്ങുന്നത്.
മുൻപ് പലവട്ടം സമരങ്ങൾ നടത്തിയതിനെത്തുടർന്ന് റേഷൻ വ്യാപാരികളുടെ പ്രശ്നങ്ങൾ പഠിക്കാൻ സർക്കാർ ഒരു സമിതിയെ നിയോഗിച്ചിരുന്നു. എന്നാൽ ഈ സമിതിയുടെ ശുപാർശകൾ പോലും സർക്കാർ ഇതുവരെ നടപ്പാക്കിയിട്ടില്ലെന്നാണ് ആരോപണം. സമരത്തിൽ എല്ലാ സംഘടനകളും പങ്കെടുക്കുന്നതിനാൽ ഇത് റേഷൻ വിതരണത്തെ കാര്യമായി ബാധിച്ചേക്കും.