ലക്നൗ: മകരസംക്രാന്തി ദിനത്തിൽ ത്രിവേണി സംഗമഭൂമിയിലെത്തി ‘അമൃത സ്‌നാനം’ നടത്തി തീർത്ഥാടകർ. ആദ്യദിനമായ തിങ്കളാഴ്ച ഒന്നരക്കോടി പേർ മഹാകുംഭമേളയിൽ പങ്കെടുത്ത് പുണ്യസ്നാനം നടത്തിയിരുന്നു. മകരസംക്രാന്തി ദിനമായ ചൊവ്വാഴ്ച അതിരാവിലെ കുംഭമേളയുടെ സ്നാനഘട്ടുകളിൽ വൻ ഭക്തജനത്തിരക്കാണ് അനുഭവപ്പെടുന്നത്. സംക്രാന്തി ദിനത്തിൽ പുണ്യസ്നാനം ചെയ്യാൻ മൂന്ന് കോടി ഭക്തർ പ്രയാഗ്‌രാജിലേക്ക് എത്തുമെന്നാണ് കണക്കുകൂട്ടൽ.
സനാതന ധർമ്മത്തിലെ 13 അഖാരകളും ആദ്യ അമൃത സ്നാനത്തിൽ പങ്കെടുക്കുമെന്നതിനാൽ സംക്രാന്തി ദിനത്തിലെ പുണ്യസ്നാനം ഏറെ സവിശേഷതയുള്ളതാണ്. ഇതുമായി ബന്ധപ്പെട്ട് അഖാരകൾ എത്തുന്ന സമയമവും മറ്റ് വിശദാംശങ്ങളും സംസ്ഥാന സർക്കാർ പങ്കുവച്ചിരുന്നു.
ശ്രീ പഞ്ചായതി അഖാര മഹാനിർവാണിയും ശ്രീ ശംഭു പഞ്ചായതി അടൽ അഖാരയും ആദ്യ അമൃത് സ്നാനത്തിൽ പങ്കെടുക്കുന്നുണ്ട്. രണ്ട് അഖാരകളും രാവിലെ 5.15 ന് ക്യാമ്പിൽ നിന്ന് പുറപ്പെട്ട് 6.15ന് ഘട്ടിലെത്തിച്ചേർന്നു. 40 മിനിറ്റാണ് ഇവർക്ക് അനുവദിച്ച സമയം. തുടർന്ന് 6.55ന് ഘട്ടിൽ നിന്ന് പുറപ്പെട്ട് 7.55ന് ക്യാമ്പിലേക്ക് മടങ്ങും.
അമൃത് സ്‌നാനത്തിൽ പങ്കെടുക്കുന്ന രണ്ടാമത്തെ അഖാര സംഘം ശ്രീ തപോനിധി പഞ്ചായതി ശ്രീ നിരഞ്ജനി അഖാരയും ശ്രീ പഞ്ചായതി അഖാര ആനന്ദുമാണ്. അവർ രാവിലെ 6.05ന് ക്യാമ്പിൽ നിന്ന് പുറപ്പെട്ടിരുന്നു. 7.05 ന് ഘട്ടിലെത്തിയാൽ സ്നാനത്തിനായി 40 മിനിറ്റ് ലഭിക്കും. 7.45 ന് ഘട്ടിൽ നിന്ന് പുറപ്പെടുന്ന അവർ 8.45 ന് ക്യാമ്പിലേക്ക് മടങ്ങും.
മൂന്നാമത്തെ സംഘത്തിൽ മൂന്ന് സന്യാസി അഖാരകളാണുള്ളത്. ശ്രീ പഞ്ചദഷ്‌നം ജുന അഖാര, ശ്രീ പഞ്ചദഷ്‌നം ആവാഹൻ അഖാര, ശ്രീ പഞ്ചാഗ്നി അഖാര എന്നിവരാണവർ. ഈ അഖാരകൾ രാവിലെ 7.00 മണിക്ക് ക്യാമ്പിൽ നിന്ന് പുറപ്പെട്ട് 8:00 മണിക്ക് ഘട്ടിലെത്തി സ്നാനം നടത്തും.
12 വർഷത്തിലൊരിക്കൽ നടക്കുന്ന മഹത്തായ ആത്മീയ സംഗമമാണ് മഹാകുംഭമേള. ഗംഗ, യമുന, സരസ്വതി നദികളുടെ പുണ്യസംഗമമായ ത്രിവേണി സംഗമത്തിൽ പുണ്യസ്നാനം ചെയ്യുന്നതിനായി കോടിക്കണക്കിന് ഭക്തരാണ് പ്രയാഗ്‌രാജിലേക്ക് ഒഴുകിയെത്തുന്നത്. തിരക്കുകൾ നിയന്ത്രിക്കുന്നതിനും തീർത്ഥാടകരെ സഹായിക്കുന്നതിനും സർവ്വ സന്നാഹങ്ങളും യുപി സർക്കാർ ഒരുക്കിയിട്ടുണ്ട്.
Leave a Comment