നാഗ്പൂർ: വിദ്യാർത്ഥികളെ വർഷങ്ങളോളം പീഡിപ്പിച്ച സൈക്കോളജിസ്റ്റ് അറസ്റ്റിൽ. അൻപതോളം വിദ്യാർത്ഥികളെ ലൈംഗികമായി അതിക്രമിച്ച സംഭവത്തിലാണ് 45-കാരൻ പിടിയിലായത്. വിദ്യാർത്ഥികളെ ലൈംഗികമായി ഉപയോഗിച്ച ശേഷം ഇതിന്റെ ദൃശ്യങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തി വീണ്ടും ചൂഷണം ചെയ്യുകയായിരുന്നു. 15 വർഷം നീണ്ട കുറ്റകൃത്യത്തിന് ഒടുവിലാണ് ഇയാൾ പിടിയിലായത്.
കിഴക്കൻ നാഗ്പൂരിലാണ് സംഭവം നടന്നത്. പ്രതിക്കെതിരെ പോക്സോ വകുപ്പുകൾ പ്രകാരം കേസെടുത്തു. ഹുഡ്കേശ്വർ പൊലീസാണ് കേസ് അന്വേഷിക്കുന്നത്.
വ്യക്തിപരവും തൊഴിൽപരവുമായ വികാസത്തിന് സഹായിക്കാമെന്ന് കാണിച്ചാണ് വിദ്യാർത്ഥികളുമായി പ്രതി അടുപ്പം സ്ഥാപിച്ചിരുന്നത്. സ്കൂളിലും കോളേജുകളിലും പഠിക്കുന്ന പെൺകുട്ടികളായിരുന്നു ഇയാളുടെ ഇരകൾ.
വിദ്യാർത്ഥികളുമായി അടുപ്പമായി കഴിഞ്ഞതിന് ശേഷം ഇവരുമായി ട്രിപ്പുകൾക്ക് പോവുകയും ക്യാമ്പുകൾ സംഘടിപ്പിക്കുകയും ചെയ്യും. ഇതിനിടയിലാണ് ലൈംഗികാതിക്രമം നടക്കുക. ദൃശ്യങ്ങൾ തന്ത്രപരമായി പകർത്തിയ ശേഷം ചൂഷണം തുടരും. കഴിഞ്ഞ 15 വർഷമായി പ്രതി കുറ്റകൃത്യം ആവർത്തിക്കുന്നുണ്ട്. ഇരകളായ പലരും പിന്നീട് വിവാഹിതരായി. ദാമ്പത്യജീവിതത്തെ ബാധിക്കുമോയെന്ന് ഭയന്ന് വിവരം പുറത്തുപറയാതെ ജീവിക്കുകയായിരുന്നു പെൺകുട്ടികൾ.
സൈക്കോളജിസ്റ്റിന്റെ ഇരയായ 27കാരി ഏതാനും ആഴ്ചകൾക്കുമുമ്പ് പൊലീസിനെ സമീപിച്ചതോടെയാണ് വിദ്യാർത്ഥികൾക്കെതിരായ ലൈംഗികാതിക്രമങ്ങൾ പുറത്തുവന്നത്. അറസ്റ്റിലായ പ്രതി നിലവിൽ നാഗ്പൂർ സെൻട്രൽ ജയിലിലാണ്. സൈക്കോളജിസ്റ്റായ പ്രതിയുടെ ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് പെൺകുട്ടികളെ കൊണ്ടുവരാൻ സഹായിച്ചതിന് ഇയാളുടെ ഭാര്യയ്‌ക്കും മറ്റൊരു വനിതാ സുഹൃത്തിനുമെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ഇരുവരും ഒളിവിലാണെന്ന് പൊലീസ് അറിയിച്ചു.
മനശാസ്ത്രജ്ഞന്റെ മനോവൈകൃതത്തിന് ഇരയായത് അമ്പതിലധികം വിദ്യാർത്ഥികളാണെന്നാണ് പ്രാഥമിക വിലയിരുത്തൽ. ഇരകളെ സഹായിക്കാനും സമഗ്രമായ അന്വേഷണം ഉറപ്പാക്കാനും പൊലീസ് പ്രത്യേക സമിതി രൂപീകരിച്ചിട്ടുണ്ട്.