വയനാട്: മുണ്ടക്കൈ, ചൂരൽമല ഉരുൾപ്പൊട്ടൽ ദുരന്തത്തിൽ കാണാതായവരെ മരിച്ചവരായി കണക്കാക്കാൻ തീരുമാനം. ഇത് പ്രകാരം കാണാതായവരുടെ കുടുംബങ്ങൾക്ക് ധനസഹായം നൽകും. ഇതിന് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ ജില്ലാ കളക്ടറോട് ദുരന്തനിവാരണ വകുപ്പ് അഭ്യർത്ഥിച്ചു. ഇത് സംബന്ധിച്ച് ഉത്തരവും പുറത്തിറക്കിയിട്ടുണ്ട്.
മരിച്ചവർക്കുള്ള ധനസഹായത്തിന് രണ്ട് സമിതികൾ രൂപീകരിച്ചു. തുടർ നടപടികൾക്കായി പ്രാദേശിക സമിതിയും സംസ്ഥാന സമിതിയും രൂപീകരിക്കും. കാണാതായവരുടെ ആശ്രിതർക്ക് അർഹമായ നഷ്ടപരിഹാരവും ആനുകൂല്യങ്ങളും നൽകാനും തീരുമാനമായി.
കാണാതായവരുടെ വിവരങ്ങൾ പൊലീസ് സ്റ്റേഷനിൽ നിന്നും ശേഖരിക്കും. എഫ്ഐആർ പരിശോധിച്ച് കാണാതായവരെ കണ്ടെത്തുന്നതിന് എന്തെല്ലാം നടപടികൾ ചെയ്തിട്ടുണ്ടോയെന്ന് എഫ്ഐആർ പരിശോധിച്ച് റിപ്പോർട്ട് തയ്യാറാക്കും. ഇതിന് വില്ലേജ് ഓഫീസർ, പഞ്ചായത്ത് സെക്രട്ടറി, സ്റ്റേഷൻ ഹൗസ് ഓഫീസർ എന്നിവർ ഉൾപ്പെട്ട പ്രാദേശിക സമിതിയെ രൂപീകരിക്കാനാണ് തീരുമാനം.
32 പേരെയാണ് ഇനി കണ്ടെത്താനുള്ളത്. ഉരുൾപ്പൊട്ടൽ ദുരന്തമുണ്ടായി നാല് മാസം പിന്നിടുമ്പോഴും ഇവർ കാണാമറയത്താണ്.















