കൊച്ചി: ദ്വയാർത്ഥ പരാമർശത്തിലൂടെ തുടർച്ചയായി അവഹേളിച്ചുവെന്ന് കാട്ടി നടി ഹണി റോസ് നൽകിയ പരാതിയിൽ അറസ്റ്റിലായ ബോബി ചെമ്മണ്ണൂരിന് ജാമ്യം. ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്.
മറ്റുള്ളവരെക്കുറിച്ച് പരാമർശം നടത്തുമ്പോൾ എല്ലാവരും ജാഗ്രത പുലർത്തണമെന്ന് കോടതി പറഞ്ഞു. ബോഡി ഷെയിമിങ് സമൂഹത്തിന് സ്വീകാര്യമല്ല. കറുത്തത്, തടിച്ചത് മെലിഞ്ഞത്, തുടങ്ങിയ പരാമർശങ്ങൾ ഒഴിവാക്കണമെന്നും കോടതി അഭിപ്രായപ്പെട്ടു.
50,000 രൂപയുടെ ബോണ്ടിലും തത്തുല്യ ആൾ ജാമ്യത്തിലുമാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. സമാനമായ കുറ്റകൃത്യങ്ങൾ ആവർത്തിക്കരുതെന്നും കോടതി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വ്യവസ്ഥകൾ ലംഘിച്ചാൽ ജാമ്യം റദ്ദാക്കുമെന്നും കോടതി വ്യക്തമാക്കി. അന്വേഷണവുമായി സഹകരിക്കണമെന്നും സാക്ഷികളെ സ്വാധീനിക്കരുതെന്നും കോടതി നിർദ്ദേശിച്ചു.
ദ്വയാർത്ഥ പ്രയോഗത്തിലൂടെ പൊതുഇടങ്ങളിൽ പിന്തുടർന്ന് വേട്ടയാടുന്നതായി കാട്ടിയാണ് ഹണി റോസ് എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. ഇതിന് പിന്നാലെ വയനാട്ടിലെ 1000 ഏക്കർ റിസോർട്ടിൽ നിന്നാണ് ബോബി ചെമ്മണ്ണൂരിനെ അറസ്റ്റ് ചെയ്തത്. പിന്നാലെ എറണാകുളം ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ഇതിന് പിന്നാലെയാണ് ഹൈക്കോടതിയെ സമീപിച്ചത്.
അടിയന്തര പ്രാധാന്യത്തോടെ ജാമ്യാപേക്ഷ പരിഗണിക്കണമെന്ന ആവശ്യം കോടതി നിരസിച്ചിരുന്നു. ബോബി ചെമ്മണ്ണൂരിനെ ഇനി കസ്റ്റഡിയിൽ ആവശ്യമില്ലെന്ന് അറിയിച്ചതിനെ തുടർന്നാണ് ജാമ്യം നൽകാൻ കോടതി തയ്യാറായത്. ജാമ്യ ഹർജിയിൽ നടത്തിയ പരാമർശങ്ങളെയും കോടതി വിമർശിച്ചിരുന്നു.
പൊതുവേദികളിൽ തന്നെ പിന്തുടർന്ന് ദ്വയാർത്ഥ പ്രയോഗത്തോടെ അപമാനിക്കാൻ ശ്രമിക്കുന്നുവെന്ന് ആയിരുന്നു ഹണി റോസിന്റെ പരാതി. സംഭവത്തിൽ പൊലീസ് ബോബി ചെമ്മണ്ണൂർ നടത്തിയ സമാനമായ പരാമർശങ്ങൾ ഉൾപ്പെടെ ശേഖരിച്ചിരുന്നു. ജാമ്യ ഉത്തരവ് ഇറങ്ങിയതോടെ ബോച്ചെ ഇന്ന് ജയിലിൽ നിന്ന് പുറത്തിറങ്ങുമെന്നാണ് സൂചന. ഉത്തരവ് ജയിലിൽ ഹാജരാക്കി നടപടികൾ പൂർത്തിയാക്കിയ ശേഷം മാത്രമായിരിക്കും പുറത്തിറങ്ങാനാകുക.