തിരുവനന്തപുരം: ഹൈക്കോടതി വിലക്ക് ലംഘിച്ച് സെക്രട്ടേറിയറ്റ് പരിസരത്ത് ഫ്ലക്സ് സ്ഥാപിച്ച സംഭവത്തിൽ ഇടപെട്ട് തിരുവനന്തപുരം കോർപ്പറേഷൻ. ഫ്ലക്സ് നീക്കം ചെയ്യാൻ സെക്രട്ടേറിയറ്റ് എംപ്ലോയിസ് അസോസിയേഷന് നിർദ്ദേശം നൽകി. കുറച്ച് സമയം അനുവദിക്കണമെന്ന് അസോസിയേഷൻ ആവശ്യപ്പെട്ടിരുന്നു. പിന്നാലെ ഫ്ക്സ് എടുത്തു മാറ്റി.
മുഖ്യമന്ത്രിയുടെ ചിത്രമുള്ള പടുകൂറ്റൻ ഫ്ലക്സ് കൻ്റോൺമെൻ്റ് പൊലീസ് സ്റ്റേഷന് മുൻപിലാണ് സ്ഥാപിച്ചിരിക്കുന്നത്. സെക്രട്ടറിയേറ്റ് എംപ്ലേയീസ് അസോസിയേനാണ് വിലക്ക് ലംഘിച്ച് ഫ്ലക്സ് സ്ഥാപിച്ചത്. സുവർണ ജൂബിലി മന്ദിരത്തിന്റെ ഉദ്ഘാടന അറിയിപ്പാണ് ഫ്ലക്സ് ബോർഡിലുള്ളത്. സംഭവം വാർത്തയായതോടെയാണ് കോർപ്പറേഷൻ അനങ്ങിയത്. ഇത്രയും വലിയ ഫ്ലക്സ് പൊക്കിയത് പൊലീസ് അറിഞ്ഞില്ലെന്നതും ശ്രദ്ധേയമാണ്.
വഴിയടച്ച് അനധികൃതമായി നിരത്തുകളിൽ ഫ്ലക്സ് ബോർഡുകൾ സ്ഥാപിക്കുന്നതിനെതിരെ ഹൈക്കോടതി രൂക്ഷമായി വിമർശിച്ചിരുന്നു. ഇത്തരം ഫ്ലക്സ് ബോർഡുകൾ നീക്കം ചെയ്യണമെന്നും കോടതി നിർദ്ദേശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഉത്തരവ് കാറ്റിൽ പറത്തി, പൊലീസിന്റെ മൂക്കിൻ തുമ്പത്ത് ഫ്ലക്സ് ഉയർന്നത്. നീതിന്യായ വ്യവസ്ഥയോട് സർക്കാർ കാണിക്കുന്ന അനീതിയാണ് പുറത്തുവന്നതെന്നാണ് ജനങ്ങൾ പറയുന്നത്.