കൊച്ചി: നടി ഹണി റോസ് നൽകിയ പരാതിയിൽ അറസ്റ്റിലായി ജയിലിൽ കഴിഞ്ഞ ബോബി ചെമ്മണ്ണൂർ ജാമ്യം നേടി പുറത്തുവരുന്നതും കാത്ത് ജയിലിന് പുറത്ത് വൻ തിരക്ക്. ബോബി ചെമ്മണ്ണൂരിന്റെ ഡയറക്ട് സെല്ലിംഗ് സ്ഥാപനമായ ഫിജികാർട്ടിലെ വനിതാ ജീവനക്കാരാണ് ജയിലിന് പുറത്ത് എത്തിയത്. മെൻസ് അസോസിയേഷൻ പ്രതിനിധികളും എത്തിയിട്ടുണ്ട്.
വൈകിട്ട് 4 മണിയോടെയാണ് ബോബി ചെമ്മണ്ണൂരിന് ജാമ്യം അനുവദിച്ച് ഹൈക്കോടതി ഉത്തരവിറക്കിയത്. ബോബി ചെമ്മണ്ണൂരിനെ താമസിപ്പിപ്പിച്ചിട്ടുള്ള കാക്കനാട് ജില്ലാ ജയിലിൽ ഉത്തരവ് എത്തിച്ച് നടപടികൾ പൂർത്തിയാക്കിയ ശേഷമാകും ജയിലിൽ നിന്ന് ബോബി ചെമ്മണ്ണൂർ പുറത്തിറങ്ങുക. എന്നും ബോച്ചേയ്‌ക്കൊപ്പം എന്നെഴുതിയ പ്ലക്കാർഡുകളും പോസ്റ്ററുകളുമായിട്ടാണ് ഫിജികാർട്ടിലെ വനിതാ ജീവനക്കാർ എത്തിയത്. പ്രായമായ സ്ത്രീകൾ വരെ ഇവർക്കൊപ്പം ഉണ്ടായിരുന്നു.
കഴിഞ്ഞ ദിവസം ബോബി ചെമ്മണ്ണൂർ അറസ്റ്റിലായി കൊച്ചിയിലെത്തിച്ച ശേഷവും അദ്ദേഹത്തിന്റെ ജീവനക്കാർ പൊലീസുമായി ബലപ്രയോഗത്തിന് മുതിർന്നിരുന്നു. അസുഖമുണ്ടെന്നും ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ഇവർ പൊലീസിനെ തടയാൻ ശ്രമിച്ചത്. ബോബി ചെമ്മണ്ണൂരിനെതിരായ കുറ്റം പ്രഥമദൃഷ്്ട്യാ നിലനിൽക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. ദ്വയാർത്ഥ പ്രയോഗം നടത്തുന്നതുപോലെയുള്ള സമാനമായ കുറ്റകൃത്യങ്ങൾ ഇനി ആവർത്തിക്കരുതെന്നും ജാമ്യം അനുവദിച്ച് കോടതി നിർദ്ദേശിച്ചിട്ടുണ്ട്.
ഓൾ കേരള മെൻസ് അസോസിയേഷനും ബോച്ചെയെ സ്വീകരിക്കാൻ ജയിലിന് മുൻപിൽ എത്തിയിട്ടുണ്ട്. ‘ഒറ്റയ്‌ക്കല്ല ഒന്നിച്ച് മുന്നോട്ട്’ എന്നെഴുതിയ ഫ്‌ളക്‌സുമായിട്ടാണ് ഇവർ എത്തിയത്. ബോച്ചെ പുറത്തിറങ്ങുന്നത് പടക്കം പൊട്ടിച്ച് ആഘോഷിക്കുമെന്നും പൂമാലയിട്ട് സ്വീകരിക്കുമെന്നും ഫ്‌ളക്‌സിൽ എഴുതിയിട്ടുണ്ട്.
ദ്വയാർത്ഥ പ്രയോഗത്തിലൂടെ പൊതുവേദികളിൽ പിന്തുടർന്ന് അവഹേളിക്കുന്നുവെന്ന നടി ഹണി റോസിന്റെ പരാതിയിലാണ് ബോച്ചെ അറസ്റ്റിലായത്. എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷനിലാണ് പരാതി നൽകിയത്. പിന്നാലെ കോടതിയിൽ രഹസ്യമൊഴിയും നൽകി. തുടർന്ന് കൊച്ചിയിൽ നിന്നുള്ള പൊലീസ് സംഘം വയനാട്ടിലെ ബോച്ചെയുടെ റിസോർട്ടിലെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. ബോച്ചെയുടെ സമൂഹമാദ്ധ്യമ വീഡിയോകൾ ഉൾപ്പെടെ പൊലീസ് ശേഖരിക്കുകയും തെളിവുകളാക്കി മാറ്റുകയും ചെയ്തിരുന്നു.