കാക്കനാട്: ജാമ്യ ഉത്തരവിൽ നടപടികൾ പൂർത്തിയായിട്ടും ജയിലിൽ നിന്ന് പുറത്തിറങ്ങാൻ വിസമ്മതിച്ച് ബോബി ചെമ്മണ്ണൂർ. സാങ്കേതിക കാരണങ്ങളാൽ ജാമ്യം കിട്ടാതെ കഴിയുന്ന തടവുകാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ജയിലിൽ തുടരുകയാണെന്നാണ് വാദം. ബോബി ചെമ്മണ്ണൂരിനെ ജയിലിന് പുറത്ത് സ്വീകരിക്കാനെത്തിയവരെയും തീരുമാനം നിരാശരാക്കി
ഹൈക്കോടതി നാല് മണിയോടെ ജാമ്യ ഉത്തരവ് പുറത്തിറക്കിയിരുന്നു. 5.30 ഓടെ ഇത് ജയിലിലെത്തിച്ച് നടപടികൾ പൂർത്തിയാക്കി. ബോബി ചെമ്മണ്ണൂർ പുറത്തിറങ്ങുമെന്ന് പ്രതീക്ഷയിൽ അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള ഡയറക്ട്് സെല്ലിംഗ് സ്ഥാപനമായ ഫിജികാർട്ടിലെ ജീവനക്കാരടക്കം കാക്കനാട് ജില്ലാ ജയിലിന് മുൻപിലെത്തി. ബോബി ചെമ്മണ്ണൂരിനോട് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്ന പ്ലക്കാർഡുകളും നോട്ടീസുകളുമായിട്ടാണ് ഇവർ എത്തിയത്. കൂടുതലും വനിതകളായിരുന്നു.
മെൻസ് അസോസിയേഷൻ ഭാരവാഹികളും ഫ്‌ളക്‌സ് ബാനറുമായി ബോബി ചെമ്മണ്ണൂരിനെ സ്വീകരിക്കാൻ സ്ഥലത്തുണ്ടായിരുന്നു. ബോച്ചെ പുറത്തിറങ്ങുന്നതും കാത്തിരിക്കുമ്പോഴാണ് അപ്രതീക്ഷിതമായി ആ വാർത്ത എത്തിയത്. ജാമ്യം ലഭിച്ചിട്ടും പുറത്തിറങ്ങാൻ കഴിയാത്തവർക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ച് ജയിലിൽ തുടരുകയാണെന്ന് അഭിഭാഷകരെ അറിയിക്കുകയായിരുന്നു. ജാമ്യ ഉത്തരവ് എക്‌സിക്യൂട്ട് ചെയ്തതായി ബോബി ചെമ്മണ്ണൂരിന്റെ അഭിഭാഷകൻ വ്യക്തമാക്കി. കാക്കനാടുള്ള എറണാകുളം ജില്ലാ ജയിലിലാണ് ബോച്ചെ നിലവിലുള്ളത്.
കഴിഞ്ഞ എട്ടിനാണ് ബോബി ചെമ്മണ്ണൂരിനെ വയനാട്ടിൽ വെച്ച് കസ്റ്റഡിയിലെടുക്കുകയും പിന്നീട് അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തത്. നടി ഹണി റോസ് നൽകിയ പരാതിയിലായിരുന്നു നടപടി. കസ്റ്റഡിയിൽ ഇനി ആവശ്യമില്ലെന്ന് അന്വേഷണ സംഘം അറിയിച്ചതോടെയാണ് ജാമ്യം നൽകാൻ ഹൈക്കോടതി തയ്യാറായത്. ഉപാധികളോടെയാണ് ജാമ്യം. ബോബി ചെമ്മണ്ണൂർ കുറ്റം ചെയ്തുവെന്ന വാദം പ്രഥമദൃഷ്ട്യാ നിലനിൽക്കുമെന്ന് ഉൾപ്പെടെ കോടതി ജാമ്യ ഉത്തരവിൽ വ്യക്തമാക്കിയിരുന്നു.