തിരുവനന്തപുരം: സ്‌പേഡെക്‌സ് ദൗത്യം ഘട്ടം ഘട്ടമായിട്ടായിരിക്കും മുന്നോട്ടു പോകുകയെന്ന് ഐഎസ്ആർഒ ചെയർമാൻ ഡോ. വി. നാരായണൻ. തിരുവനന്തപുരം വിമാനത്താവളത്തിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഉപഗ്രഹങ്ങൾ കഴിഞ്ഞ ദിവസം 15 മീറ്റർ വരെ അകലത്തിലേക്ക് കൊണ്ടുവന്നിരുന്നു. അതിന്റെ വീഡിയോ ചിത്രീകരിച്ചു. എന്നിട്ട് തിരികെ സുരക്ഷിതമായ അകലത്തിലേക്ക് മാറ്റി. ഇത് ഒരു വലിയ പരീക്ഷണമാണ്. അതുകൊണ്ട് ഘട്ടം ഘട്ടമായിട്ടാകും മുൻപോട്ടു പോകുക.
ഓരോ നീക്കവും വിലയിരുത്തിയാണ് പോകുന്നത്. കുറച്ച് വൈകിയാലും കുഴപ്പമില്ല. കാരണം ഉപഗ്രഹങ്ങൾ സുരക്ഷിതമാണ്. കൃത്യമായി കാൽക്കുലേറ്റ് ചെയ്താണ് പോകുന്നതെന്നും അദ്ദേഹം പറഞ്ഞു. തുടക്കത്തിൽ 230 മീറ്ററായിരുന്നു ഉപഗ്രഹങ്ങൾ തമ്മിലുള്ള അകലം. നേരിയ ദിശാവ്യതിയാനം പോലും ദൗത്യത്തിന്റെ വിജയസാദ്ധ്യതയെ ബാധിക്കുമെന്നതിനാൽ ഡാറ്റകൾ വിശദമായി അവലോകനം ചെയ്താണ് ദൗത്യം നീക്കുന്നത്.
ഡിസംബർ 30 നാണ് ഡോക്കിംഗ് പരീക്ഷണത്തിനായി ചേസർ, ടാർജറ്റ് എന്നീ ഉപഗ്രഹങ്ങൾ വിക്ഷേപിച്ചത്. ഉപഗ്രഹങ്ങളെ ഭൂമിയുടെ ഭ്രമണപഥത്തിൽ വെച്ച് കൂട്ടിയോജിപ്പിക്കുകയും പിന്നീട് സുരക്ഷിത അകലത്തിലേക്ക് മാറ്റുകയുമാണ് ചെയ്യുന്നത്. ആദ്യം ജനുവരി 7 നാണ് സ്‌പേഡെക്‌സ് ഡോക്കിംഗ് ഷെഡ്യൂൾ ചെയ്തിരുന്നത്. പിന്നീട് ഇത് ഒൻപതാം തീയതിയിലേക്ക് മാറ്റുകയായിരുന്നു. എന്നാൽ പിന്നീടും വൈകുന്ന സാഹചര്യത്തിലായിരുന്നു മാദ്ധ്യമങ്ങൾ ഇതേക്കുറിച്ച് ചോദിച്ചത്. ഇന്നാണ് ഐഎസ്ആർഒ ചെയർമാൻ സ്ഥാനം ഡോ. വി. നാരായണൻ ഏറ്റെടുത്തത്.
Leave a Comment