മഹാകുംഭമേള, പ്രയാഗ്‌രാജിലെത്തുന്നത് ലക്ഷക്കണക്കിന് വിശ്വാസികൾ, തിരക്ക് നിയന്ത്രണവും സുരക്ഷയും ശക്തമാക്കി യുപി പൊലീസ്

Published by
Janam Web Desk

ലക്നൗ: മഹാകുംഭമേള നടക്കുന്നതിനിടെ പ്രയാഗ്‌രാജിൽ സുരക്ഷ ശക്തമാക്കി പൊലീസ്. ത്രിവേണി സം​ഗമത്തിൽ സ്നാനം നടത്തുന്നതിനായി ലക്ഷക്കണക്കിന് തീർത്ഥാടകരാണ് പ്രയാഗ്‌രാജിലേക്ക് ഒഴുകിയെത്തുന്നത്. തീർത്ഥാടകരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി നൂതന സാങ്കേതികവിദ്യ ഉപയോ​ഗിച്ചാണ് യുപി പൊലീസ് നിരീക്ഷണം ശക്തമാക്കുന്നത്. തിരക്കുള്ള എല്ലാ പ്രദേശങ്ങളിലും കൂടുതൽ പൊലീസ് ഉദ്യോ​ഗസ്ഥരെയും ഡ്രോണുകളും വിന്യസിച്ചു.

ഡ്രോൺ ഉപയോ​ഗിച്ച് 24 മണിക്കൂറും നിരീക്ഷിക്കും. ആൻ്റി-ഡ്രോണുകളും വിന്യസിച്ചിട്ടുണ്ട്. മേള നടക്കുന്ന മൈതാനങ്ങളിലൂടനീളം വ്യോമ നിരീക്ഷണവും ജനക്കൂട്ടത്തെ നിയന്ത്രിക്കാനുള്ള പ്രത്യേക സംവിധാനങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. അത്യാധുനിക തെർമൽ, ഐആർ കാമറകൾ കൊണ്ട് സജ്ജീകരിച്ചിരിക്കുന്ന ഡ്രോഡുകൾ എച്ച്ഡി ക്വാളിറ്റിയിലുള്ള തത്സമയ ദൃശ്യങ്ങൾ നൽകും.

സുരക്ഷാ വകുപ്പും ട്രാഫിക് ഡയറക്ടറേറ്റും ചേർന്ന് നാല് ടെതർഡ് ഡ്രോണുകൾ വീതം വിന്യസിച്ചിട്ടുണ്ട്. ഇതിൽ മൂന്നെണ്ണം തീവ്രവാദ വിരുദ്ധ സ്ക്വാഡ് (എടിഎസ്) ആണ് നിയന്ത്രിക്കുന്നത്. റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റാൻഡ് തുടങ്ങിയ ജനത്തിരക്കേറിയ സ്ഥലങ്ങളിലും ഡ്രോൺ നിരീക്ഷണം ശക്തമാണ്.

സംശയാസ്പദമായി തോന്നുന്ന വ്യക്തികളെ നിരീക്ഷിക്കാൻ പ്രത്യേക സംഘത്തെയും നിയോ​ഗിച്ചിട്ടുണ്ട്. ഡ്രോൺ കാമറകൾ ഉപയോ​ഗിക്കുന്നതിലൂടെ തിരക്ക് വർദ്ധിക്കുന്ന പ്രദേശങ്ങൾ ഉടനടി തിരിച്ചറിയാനും വേണ്ട സുരക്ഷാ നടപടികൾ സ്വീകരിക്കാനും സഹായിക്കുന്നു. ഇതുകൂടാതെ അനധിക‍ൃതമായി പ്രയാഗ്‌രാജിലേക്ക് കടക്കുന്ന ഡ്രോണുകൾ തകർക്കാനുള്ള സംവിധാനങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. ഇത്തരത്തിൽ കഴിഞ്ഞ ദിവസം ഒമ്പത് ഡ്രോണുകൾ തകർത്തിരുന്നു.

മകരസംക്രാന്തി ദിനമായ ഇന്നലെ 3.5 കോടി വിശ്വാസികളാണ് ത്രിവേണി സം​ഗമഭൂമിയിലെത്തിയത്. ആദ്യ അമൃ‍ത സ്നാനം വിജയകരമായി പൂർത്തിയാക്കിയെന്നും 1.38 കോടി പേർ അമൃത സ്നാനം നടത്തിയെന്നും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ് പറഞ്ഞു.

Share
Leave a Comment