“വെയിലടിച്ചാൽ കറുക്കുമെന്ന് കരുതി പുറത്ത് ഇറങ്ങാതായി, കുറച്ച് ദിവസമല്ലേ താമസിച്ചുള്ളു ഒഴിഞ്ഞുപോയ്‌ക്കൂടെ എന്നായിരുന്നു അവരുടെ മറുപടി”: ഷഹാനയുടെ ബന്ധു

Published by
Janam Web Desk

മലപ്പുറം: കൊണ്ടോട്ടിയിൽ നവവധു ഷഹാന മുംതാസ് ആത്മഹത്യ ചെയ്ത സംഭവത്തിൽ യുവാവിന്റെ കുടുംബത്തിനെതിരെ ​ഗുരുതര ​ആരോപണവുമായി പെൺകുട്ടിയുടെ ബന്ധു. ഷഹാന കടുത്ത മാനസിക സംഘർഷത്തിലായിരുന്നെന്നും വിവാഹമോചനത്തിനായി യുവാവിന്റെ കുടുംബം നിരന്തരം നിർബന്ധിച്ചിരുന്നുവെന്നും ബന്ധു പറഞ്ഞു.

“പഠിച്ച് ഒരു നിലയിൽ എത്തണമെന്ന് കരുതിയിരുന്ന കുട്ടിയായിരുന്നു. അവൾ എങ്ങനെയെങ്കിലും സ്വയം ഒഴിഞ്ഞുപോകണം എന്നതായിരുന്നു യുവാവിന്റെ വീട്ടുകാരുടെ ആവശ്യം. മലയാളം മീഡിയത്തിലാണ് പഠിച്ചത്. ഇം​ഗ്ലീഷ് അത്ര നന്നായിട്ടൊന്നും ഷഹാനയ്‌ക്ക് അറിയില്ല. ഇതിന്റെ പേരിൽ ഭർത്താവും വീട്ടുകാരും ഒരുപാട് മാനസികമായി പീഡിപ്പിച്ചിട്ടുണ്ട്.

നിറം കുറവാണെന്ന് പറഞ്ഞും ഒരുപാട് കുറ്റപ്പെടുത്തിയിരുന്നു. പഠിക്കുന്ന കൊളേജിലെ അദ്ധ്യാപകർ വീട്ടിൽ വിളിച്ച് ചോദിച്ചിരുന്നു. ക്ലാസിന് പുറത്തൊന്നും ഇറങ്ങുന്നില്ല കുട്ടിക്ക് എന്തെങ്കിലും പ്രശ്നമുണ്ടോയെന്ന് അദ്ധ്യാപകർ ചോദിച്ചു. അതിന് ശേഷമാണ് കൂടുതൽ കാര്യങ്ങൾ ഞങ്ങൾ അറിയുന്നത്. പുറത്ത് വെയിലുള്ളതിനാലാണ് പുറത്തേക്ക് ഇറങ്ങാതിരുന്നത്. വെയിലുകൊണ്ടാൽ കറുത്തുപോകുമെന്ന് പേടിച്ച് പുറത്തൊന്നും ഇറങ്ങില്ലായിരുന്നു”.

ആദ്യമൊന്നും ചോദിച്ചിട്ട് ഒന്നും പറഞ്ഞില്ല. പിന്നെ ഒരുപാട് നിർബന്ധിച്ചപ്പോഴാണ് കാര്യം പറഞ്ഞത്. അവൾ ഉറങ്ങിയിട്ട് ദിവസങ്ങളോളമായി. ഭക്ഷണം കഴിച്ചിട്ടില്ല. അതിന് ശേഷം കൗൺസിലിം​ഗ് കൊടുത്തിരുന്നു. പ്രശ്നം പരിഹരിക്കാനായി വീട്ടിലേക്ക് പോയപ്പോൾ അവന്റെ അമ്മ വളരെ മോശമായാണ് സംസാരിച്ചത്. കുറച്ച് ദിവസം മാത്രമല്ലേ ജീവിച്ചുള്ളൂ ഒഴിഞ്ഞുപോയ്‌ക്കൂടെ എന്ന് പറ‍ഞ്ഞുവെന്നും ബന്ധു ആരോപിച്ചു.

Share
Leave a Comment