ശ്രീനഗർ: ജമ്മു കശ്മീരിലെ രജൗരിയിൽ ഒരു മാസത്തിനിടെ അജ്ഞാത രോഗം ബാധിച്ച് 14 പേർ മരിച്ചു. രോഗത്തിന്റെ കാരണം കണ്ടെത്താനായി ആരോഗ്യ വകുപ്പ് പരിശോധനകൾ ഊർജ്ജിതമാക്കി.
കഴിഞ്ഞ 30 ദിവസത്തിനിടെ മൂന്ന് കുടുംബങ്ങളിലായി 11കുട്ടികളും 3 മുതിർന്നവരുമാണ് മരിച്ചത്. കഴിഞ്ഞ ഡിസംബറിൽ രണ്ട് കുടുംബങ്ങളിൽ നിന്നായി ഒമ്പത് പേർ മരിച്ചിരുന്നു. പനി, ഛർദി, നിർജ്ജലീകരണം എന്നവയായിരുന്നു മരണപ്പെട്ടവരുടെ പൊതുവായ ലക്ഷണങ്ങൾ. ഭക്ഷ്യവിഷബാധ എന്നായിരുന്നു ആദ്യം കരുതിയത്. എന്നാൽ അധികം വൈകാതെ കൂടുതൽ പേർ സമാന ലക്ഷണങ്ങളോടെ ചികിത്സ തേടി.
സഫീന കൗസർ എന്ന ആറു വയസ്സുകാരിയും വയോധികനായ മുഹമ്മദ് യൂസഫുമാണ് കഴിഞ്ഞ ദിവസം മരിച്ചത്. സഫീനയുടെ രണ്ട് സഹോദരങ്ങളൾ കഴിഞ്ഞ രണ്ട് ദിവസത്തിനിടെ മരിച്ചിരുന്നു.
നിലവിൽ മൂന്ന് കുട്ടികൾ ജമ്മുവിലെ എസ്. എം. ജി. എസ് ആശുപത്രിയിൽ ചികിത്സയിലാണ്. പുണെയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി, പിജിഐ ചണ്ഡീഗഡ്, എയിംസ് ഡൽഹി, നാഷണൽ സെൻ്റർ ഫോർ ഡിസീസ് കൺട്രോൾ (എൻസിഡിസി) എന്നിവിടങ്ങളിൽ നിന്നുള്ള വിദഗ്ധ സംഘങ്ങൾ രോഗകാരണം കണ്ടെത്താൻ പ്രദേശം സന്ദർശിച്ചു. പ്രദേശം കേന്ദ്രീകരിച്ച് മൊബൈൽ മെഡിക്കൽ യൂണിറ്റും ആംബുലൻസും സ്ഥാപിച്ചിട്ടുണ്ട്.
സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണെന്നും ആരോഗ്യവകുപ്പ് കോൺടാക്റ്റ് ട്രേസിംഗും സാമ്പിൾ പരിശോധനയും നടത്തിവരികയാണെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.