മഹാകുംഭമേള ഇസ്ലാമിക രാഷ്‌ട്രങ്ങളിൽ വരെ ട്രെൻഡിംഗായി മുന്നേറുകയാണ്. ഭാരതീയ സംസ്കാരത്തെ അറിയാൻ താത്പര്യമുള്ളവർ നിരവധിയാണ്. അങ്ങനെ മഹാകുംഭമേളയെ കുറിച്ച് അറിയാൻ ആഗ്രഹമുള്ളവർ കുംഭമേളയിലെ ‘ഡിജിറ്റൽ ബാബ’യെ അറിയണം.
ഭക്തിക്കും ആത്മീയതയ്‌ക്ക് ഒട്ടും കുറവില്ലാതെ, അതിനൊപ്പം തന്നെ ഡിജിറ്റൽ സാങ്കേതികവിദ്യയുടെ സഹായത്തോടെ മഹാകുംഭമേളയിലെ വിവരങ്ങൾ ലോകത്തെ അറിയിക്കുകയാണ് ഡിജിറ്റൽ ബാബ എന്നുവിളിക്കുന്ന സ്വാമി റാം ശങ്കർ മഹാരാജ്. ആത്മീയതയ്‌ക്ക് ആധുനിക പര്യവേഷം നൽകുകയാണ് ഈ 37-കാരൻ.
പേര് പോലെ തന്നെ ഹൈടെക്കാണ് ‘ഡിജിറ്റൽ ബാബ’. ആപ്പിൾ ഐഫോൺ 16 മാക്സ് പ്രോ, മാക്ബുക്ക് പ്രോ M4 മാക്സ്, വയർലെസ് മൈക്രോഫോൺ, ട്രൈപോഡ് എന്നിവയുമായി ആത്മവിശ്വാസത്തോടെയാണ് അദ്ദേഹം കുംഭമേളയിൽ പങ്കെടുക്കുന്നത്.
ഫേസ്ബുക്കിൽ 336K ഫോളോവേഴ്‌സും യൂട്യൂബിൽ 29.6K സബ്‌സ്‌ക്രൈബേഴ്സുമുള്ള ചാനലാണ് ഡിജിറ്റൽ ബാബയ്‌ക്കുള്ളത്. തത്സമയം വിവരങ്ങൾ ലോകത്തെ അറിയിക്കുകയാണ് അദ്ദേഹം. ലോകത്തിൽ ഏറ്റവും അധികം ആളുകൾ ഒത്തുകൂടുന്ന മഹാകുംഭമേളയ്‌ക്ക് ഡിജിറ്റൽ പരിവേഷം നൽകാനും അദ്ദേഹത്തിന് കഴിയുന്നുവെന്നതിൽ അഭിമാനിക്കാം.
ഡിജിറ്റൽ യുഗത്തിൽ ഡിജിറ്റൽ സമീപനം അനിവാര്യമാണ്. ലോകമെമ്പാടുമുള്ളവരെ സംഗമതീരത്ത് എത്തിച്ച സനാതന ധർമത്തിന്റെ ശക്തിയെ കുറിച്ച് ലോകത്തെ ബോധവാന്മാരക്കുന്നതിനായാണ് ഇവിടെ നടക്കുന്ന കാര്യങ്ങൾ ചിത്രീകരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ഗുരുകുല വിദ്യാഭ്യാസത്തിന് ശേഷം 2008-ലാണ് സന്ന്യാസ ജീവിതത്തിലേക്ക് തിരിഞ്ഞത്. 2019-ൽ ആദ്യമായി ഐഫോൺ വാങ്ങിയപ്പോഴാണ് അദ്ദേഹത്തിന്റെ സന്ന്യാസ ജീവിതത്തിലേക്ക് സാങ്കേതികവിദ്യ കടന്നുവരുന്നത്. ഫേസ്ബുക്കിൽ അക്കൗണ്ട് തുടങ്ങിയതോടെയാണ് സമൂഹമാദ്ധ്യമങ്ങളുടെ ശക്തി തിരിച്ചറിയുന്നതെന്ന് അദ്ദേഹം പറഞ്ഞു. വീഡിയോകളിലൂടെ ലക്ഷക്കണക്കിന് പേരുമായാണ് അദ്ദേഹം സംവദിച്ചത്. അങ്ങനെ ഡിജിറ്റൽ ബാബയായി മാറി.
ഗൊരഖ്പൂരിലാണ് സ്വാമി റാം ശങ്കർ മഹാരാജിന്റെ ജനനം. സ്കൂൾ പഠനകാലത്ത് സിനിമയിൽ അഭിനയിക്കണമെന്നതായിരുന്നു ബാബയുടെ ആഗ്രഹം. എന്നാൽ 20 വയസിൽ ആത്മീയപാത തെരഞ്ഞെടുക്കുകയായിരുന്നു. ഉപനിഷത്തുകൾ, ഭഗവദ് ഗീത, രാമായണം തുടങ്ങിയ ഗ്രന്ഥങ്ങളിൽ പ്രാവീണ്യം നേടുന്നത് മുതൽ ഖൈരാഗഡ് സംഗീത സർവകലാശാലയിൽ നിന്നും സംഗീതത്തിൽ വൈദഗ്ധ്യം വരെ നേടിയുണ്ട് അദ്ദേഹം.
2017 മുതൽ ഹിമാചൽ പ്രദേശിലെ ബൈജ്നാഥ് ധാമിലാണ് താമസം. വേദാന്തത്തെക്കുറിച്ച് പ്രഭാഷണങ്ങൾ നടത്തുകയും യുവാക്കളെ ആത്മീയതയിലേക്ക് പ്രചോദിപ്പിക്കുകയും ചെയ്യുന്നു. ഡിജിറ്റലായി മതപ്രഭാഷണം നടത്തി പ്രതിമാസം ഒരു ലക്ഷം രൂപ വരെയാണ് ഡിജിറ്റൽ ബാബ സമ്പാദിക്കുന്നത്. കഴിഞ്ഞ നവംബറിൽ ലക്നൗവിൽ ഏഴുദിവസം രാമകഥ നടത്തി 1.5 ലക്ഷം രൂപയാണ് നേടിയത്.