നിലമ്പൂർ: വരുന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ നിലമ്പൂരിൽ ഒരു പഞ്ചായത്തെങ്കിലും പിടിച്ചുകാണിക്കാമോയെന്ന് സിപിഎമ്മിനെ വെല്ലുവിളിച്ച് പി.വി അൻവർ. രാവിലെ നടത്തിയ വാർത്താസമ്മേളനത്തിനിടെ ആയിരുന്നു പി.വി അൻവറിന്റെ വെല്ലുവിളി. ഇക്കാര്യത്തിൽ പന്തയത്തിനുണ്ടോയെന്ന് മാദ്ധ്യമപ്രവർത്തകരോടും അൻവർ ആരാഞ്ഞു.
പി.വി. അൻവർ പോയിട്ട് രോമം പോയിട്ടില്ലെന്നാണ് പറയുന്നത്. കഴിഞ്ഞ തവണ താൻ വീട് കയറി വോട്ട് ചോദിച്ചിട്ടാണ് ഇത്രയും വോട്ടുകൾ കിട്ടിയത്. പോത്തുകല്ല്, കരുളായി പഞ്ചായത്തുകളിൽ അങ്ങനെയാണ് സംഭവിച്ചത്. ഇപ്പോ കൈയ്യും വെട്ടും കാലും വെട്ടും എന്ന് പറഞ്ഞ് നടക്കുകയാണ്. നിലമ്പൂർ നഗരസഭയിൽ രണ്ട് സീറ്റിൽ കൂടുതൽ സിപിഎമ്മിന് ജയിക്കാൻ കഴിയില്ല. നാലായിരുന്നു, അത് രണ്ടിലേക്ക് വരുമെന്നും പി.വി അൻവർ പറഞ്ഞു.
ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിന് വേണ്ടി എങ്ങനെ പ്രചാരണം നടത്തുമെന്ന് ചോദിച്ചപ്പോൾ യുഡിഎഫിന്റെ പ്രചാരണ യോഗങ്ങളിൽ എന്നെ വിളിച്ചില്ലെങ്കിൽ ഞാൻ ഒരു മൈക്കും കെട്ടി ഇറങ്ങുമെന്ന് ആയിരുന്നു അൻവറിന്റെ മറുപടി. യുഡിഎഫിന് നിരുപാധിക പിന്തുണ നൽകും എന്നാണ് താൻ പറഞ്ഞത്. എനിക്ക് അതിനുള്ള സ്വാതന്ത്ര്യമുണ്ടല്ലോയെന്നും പി.വി അൻവർ കൂട്ടിച്ചേർത്തു.
നിലമ്പൂരിലെ സ്ഥാനാർത്ഥിയെ സംബന്ധിച്ച് താൻ മുന്നോട്ടുവെച്ചത് ഒരു റിക്വസ്റ്റ് മാത്രമാണ്. മലയോര കർഷക മേഖലയിലെ ഒരു വ്യക്തിയെന്ന നിലയ്‌ക്കും ക്രൈസ്തവ സമുദായത്തിലെ അംഗമെന്ന നിലയിലും ജോയിയാണ് ഇവിടെ ഏറ്റവും വലിയ വോട്ടിൽ ജയിക്കാൻ കഴിയുന്ന ഒരു സ്ഥാനാർത്ഥി. 30,000 വോട്ടിൽ കുറയാതെ ജയിക്കാൻ സാധിക്കും. രാഷ്‌ട്രീയ ചുറ്റുപാട് മാത്രമല്ല, ഒരു തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്ന സമൂഹ്യ ചുറ്റുപാടും ഉണ്ട്. ആ സാമൂഹ്യ ചുറ്റുപാട് കൂടി അനുകൂലമായി നിൽക്കുന്നത് ജോയിക്കാണെന്നും അൻവർ കൂട്ടിച്ചേർത്തു.