രാജ്കോട്ട്: അയർലൻഡിനെതിരായ മൂന്നാമത്തെയും അവസാനത്തെയും ഏകദിനത്തിൽ റെക്കോർഡ് ടോട്ടൽ ഉയർത്തി ഇന്ത്യൻ വനിതകൾ. ക്യാപ്റ്റൻ സ്‌മൃതി മന്ദാനയുടെയും യുവതാരം പ്രതികാ റാവലിന്റെയും സെഞ്ച്വറികളാണ് ഇന്ത്യയെ 435 റൺസെന്ന കൂറ്റൻ സ്കോറിലെത്തിച്ചത്. ഇന്ത്യയുടെ എക്കാലത്തെയും ഉയർന്ന ഏകദിന സ്കോറാണിത്. ന്യൂസിലൻഡിനും ഓസ്‌ട്രേലിയയ്‌ക്കും ശേഷം വനിതാ ഏകദിന ക്രിക്കറ്റിൽ ഒരു ഇന്നിംഗ്‌സിൽ 400 റൺസിന് മുകളിൽ സ്‌കോർ ചെയ്യുന്ന മൂന്നാമത്തെ ടീമായി ഇന്ത്യ മാറി.
മൂന്ന് ദിവസം മുമ്പ് അയർലൻഡിനെതിരെ നേടിയ 370 എന്ന മുൻ റെക്കോർഡ് തകർത്താണ് ഇന്ത്യ പുതിയ റെക്കോർഡ് സ്ഥാപിച്ചത്. ഹർമൻ പ്രീതിന്റെ അഭാവത്തിൽ ടീമിനെ നയിച്ച സ്‌മൃതി 70 പന്തിൽ 100 റൺസ് എടുത്ത് ഒരു ഇന്ത്യൻ താരത്തിന്റെ ഏകദിനത്തിലെ വേഗമേറിയ സെഞ്ച്വറി തികച്ചു. 87 പന്തിൽ സെഞ്ച്വറി നേടിയ ഹർമൻ പ്രീതിന്റെ റെക്കോർഡാണ് സ്‌മൃതി തകർത്തത്. ഇതോടെ വനിതാ ക്രിക്കറ്റിൽ 10 ഏകദിന സെഞ്ച്വറികൾ നേടുന്ന ആദ്യ ഏഷ്യൻ താരവും അന്തരാഷ്‌ട്ര ക്രിക്കറ്റിലെ നാലാമത്തെ താരവുമായി സ്‌മൃതി മാറി.
ഇന്ത്യക്കായി തന്റെ രണ്ടാമത്തെ പരമ്പര മാത്രം കളിക്കുന്ന പ്രതികയുടെ കന്നി സെഞ്ച്വറിയാണ് രാജ്കോട്ടിൽ പിറന്നത്. ഓപ്പണർമാരായിറങ്ങിയ സ്‌മൃതിയും പ്രതികയും 233 റൺസ് കൂട്ടിച്ചേർത്തു. വനിതാ ഏകദിനത്തിലെ ഇന്ത്യയുടെ ഏറ്റവും ഉയർന്ന മൂന്നാമത്തെ കൂട്ടുകെട്ടാണിത്.
അയർലൻഡിനെതിരെ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ നേടിയ 435 റൺസ് ഏകദിന ക്രിക്കറ്റിൽ ഇന്ത്യയുടെ ഏറ്റവും ഉയർന്ന സ്‌കോറാണ്. പുരുഷ ടീമിന്റെ ഏറ്റവും ഉയർന്ന സ്‌കോറായ 418 റൺസാണ് വനിതാ ടീം മറികടന്നത്. കൂടാതെ വനിതാ ഏകദിനത്തിൽ ഒരു ഇന്ത്യൻ ബാറ്റർ നേടുന്ന മൂന്നമത്തെ ഉയർന്ന സ്കോറാണ് പ്രതിക റാവൽ നേടിയ 154 റൺസ്.