കൊച്ചി: സെക്രട്ടേറിയറ്റിന് മുന്നിൽ മുഖ്യമന്ത്രിയുടെ കൂറ്റൻ ഫ്ലക്സ് വച്ച സംഭവത്തിൽ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. ഉത്തരവുകൾ ജനസേവകരായ സർക്കാർ ഉദ്യോഗസ്ഥർ തന്നെ പാലിക്കാത്തത് ദയനീയമാണെന്ന് കോടതി പറഞ്ഞു. കർശന നടപടി സ്വീകരിക്കാൻ ഹൈക്കോടതി നിർദ്ദേശിച്ചു.
സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷനാണ് ഫ്ലക്സ് ബോർഡ് സ്ഥാപിച്ചത്. ഉദ്യോഗസ്ഥർ നിയമലംഘനം നടത്തുമ്പോൾ കോടതിക്ക് നോക്കിയിരിക്കാനാവില്ലെന്നും ഇത്തരക്കാരെ സസ്‌പെൻഡ് ചെയ്യുകയാണ് വേണ്ടതെന്നും കോടതി പറഞ്ഞു. തലസ്ഥാനനഗരത്തിൽ സ്വാധീനമുള്ളവർക്ക് എന്തുമാകാമെന്ന ധാരണ വേണ്ടെന്നും കോടതി ഓർമ്മിപ്പിച്ചു. സെക്രട്ടേറിയറ്റിൽ എന്തുനടക്കുന്നുവെന്ന് സർക്കാരിന് അറിയില്ലേയെന്ന് ഹൈക്കോടതി ആരാഞ്ഞു.
ഇന്നലെയാണ് ഹൈക്കോടതി ഉത്തരവിന് പുല്ലുവില നൽകി സെക്രട്ടറിയേറ്റിന് മുൻപിൽ ഫ്ലക്സ് ബോർഡ് വച്ചത്. കൻ്റോൺമെൻ്റ് പൊലീസ് സ്റ്റേഷന് മുൻപിലാണ് ഫ്ലക്സ് സ്ഥാപിച്ചിരുന്നത്. സംഭവം വലിയ വാർത്തയായതോടെയാണ് തിരുവനന്തപുരം കോർപ്പറേഷൻ ഇടപെട്ടത്. പിന്നാലെ ഫ്ലക്സ് ബോർഡ് നീക്കം ചെയ്യാൻ നിർദ്ദേശിക്കുകയായിരുന്നു. സമയം ചോദിച്ചെങ്കിലും ഫ്ലക്സ് ബോർഡ് നീക്കുകയായിരുന്നു. ഈ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ഹൈക്കോടതിയുടെ പരാമർശം.
കോടതി ഉത്തരവുകൾ നടപ്പിലാക്കുന്നതിൽ സർക്കാർ മടി കാണിക്കുന്ന ആദ്യത്തെ സംഭവമല്ല ഇതെന്നും ശ്രദ്ധേയമാണ്. നേരത്തെ വഴിയടച്ച് അനധികൃതമായി ഫ്ലക്സ് ബോർഡുകൾ സ്ഥാപിക്കരുതെന്നും നീക്കം ചെയ്യണമെന്നും കോടതി നിർദ്ദേശിച്ചിരുന്നു.