15 മാസം നീണ്ട് നിന്ന് യുദ്ധത്തിന് അന്ത്യമായെന്ന ശുഭവാർത്തായാണ് പശ്ചിമേഷ്യയിൽ നിന്ന് വരുന്നത്. ഇസ്രായേലും ഹമാസും സമാധാന കരാർ അംഗീകരിച്ചു. അരലക്ഷത്തോളം പേരുടെ ജീവനെടുത്ത പശ്ചിമേഷ്യൻ സംഘർഷത്തിനാണ് സമാധാന കരാറിലൂടെ അന്ത്യമാകുന്നത്. ഇതോടെ പശ്ചിമേഷ്യയിൽ ശാന്തത കൈവരും. യുഎസ്, ഖത്തർ, ഈജ്പിത് എന്നീ രാജ്യങ്ങളുടെ മധ്യസ്ഥതയിൽ നടന്ന ചർച്ചയിലാണ് ഗാസയിൽ വെടിനിർത്തൽ കരാർ അംഗീകരിച്ചത്. കരാർ നടപ്പിലാക്കുന്നത് എങ്ങനെയായിരിക്കും?
മൂന്ന് ഘട്ടമായാണ് വെടിനിർത്തൽ കരാർ നടപ്പിലാക്കുക. യുദ്ധം അവസാനിപ്പിക്കുകയും ബന്ദികളെയും തടവുകാരെയും പരസ്പരം കൈമാറുകയും ചെയ്യും. മൂന്ന് ഘട്ടമായാകും കരാർ നടപ്പിലാകുക. കരാർ അംഗീകരിച്ചാൽ ഞായറാഴ്ച മുതൽ പ്രാബല്യത്തിൽ വരുമെന്ന് ഖത്തർ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൾ റഹ്മാൻ അൽതാനി അറിയിച്ചു.
ഒന്നാം ഘട്ടം
44 ദിവസമാണ് ഒന്നാം ഘട്ടം. ഒക്ടോബർ ഏഴിലെ ആക്രമണത്തിൽ 251 ഇസ്രായേലികളെ ബന്ദികളാക്കിയെന്നാണ് കണക്ക്. 94 പേർ തടവിലെന്നാണ് കണക്ക്. എന്നിരുന്നാലും 60 പേർ മാത്രമാണ് ജീവനോടെയുള്ളതെന്നാണ് ഇസ്രായേൽ പറയുന്നത്.
ഹമാസിന്റെ കൈവശം 94 ഇസ്രായേലി തടവുകാരുണ്ടെന്നാണ് കണക്ക്. ഇതിൽ 33 പേരെ മോചിപ്പിക്കും. സ്ത്രീകൾ, പ്രായമായവർ, രോഗികൾ എന്നിവർക്ക് മുൻഗണന ഉണ്ടാകും. രണ്ട് ദിവസത്തിനുള്ളിൽ ഇവരെ മോചിപ്പിക്കും. ജയിലുകളിൽ കഴിയുന്ന നൂറുക്കണക്കിന് തടവുകാരെ ഇസ്രായേലും മോചിപ്പിക്കും.
ഘട്ടംഘട്ടമായി ഗാസയിൽ നിന്ന് ഇസ്രായേലിന്റെ സൈനിക പിന്മാറ്റം ഉണ്ടാകും. ആദ്യഘട്ടത്തിൽ ജനവാസ മേഖലയിൽ നിന്ന് കരസേനയെ പിൻവലിക്കും. വടക്ക് നിന്ന് തെക്കോട്ടേക്ക് ഒഴിഞ്ഞു പോകാൻ നിർബന്ധിതരായ പാലസ്തീനികൾക്ക് സ്വദേശത്തേക്ക് മടങ്ങാൻ അവസരമുണ്ടാകും. വെടിനിർത്തൽ നിലവിൽ വന്ന് ഏഴ് ദിവസത്തിന് ശേഷം ഈജിപ്തിലേക്കുള്ള റാഫാ കവാടം തുറക്കും. ഒന്നാം ഘട്ടം വിജയകരമായി പൂർത്തിയാകുന്ന മുറയ്‌ക്ക് രണ്ടാം ഘട്ടം നടപ്പിലാക്കും.
രണ്ടാം ഘട്ടം
ഈ ഘട്ടത്തിൽ ഗാസയിൽ നിന്ന് പൂർണമായും ഇസ്രായേലിന്റെ പിന്മാറ്റം ആരംഭിക്കും. എല്ലാ ബന്ദികളെയും ഹമാസ് മോചിപ്പിക്കും. പാലസ്തീൻ തടവുകാരെയും ഇസ്രായേൽ മോചിപ്പിക്കും.
മൂന്നാം ഘട്ടം
ഗാസയുടെ പുനർനിർമാണവും തുടർഭരണവും. അന്താരാഷ്‌ട്ര സഹകരണത്തോടെയാകും ഗാസയെ പുനർനിർമിക്കുക. ഒന്നാം ഘട്ടം മാത്രമാണ് ഇരുപക്ഷവും അംഗീകരിച്ചിട്ടുള്ളതെന്നാണ് വിവരം.
സമാധാനം വീണ്ടെടുക്കാൻ ഇരുപക്ഷവും തയ്യാറായതിന് പിന്നാലെ ഗാസയിലെ ജനങ്ങൾ സന്തോഷത്തിലാണ്. സ്ത്രീകൾ ഉൾപ്പടെയുള്ളവർ പൊതു ഇടങ്ങളിൽ പ്രത്യക്ഷപ്പെട്ടു. ഏറെ വൈകാരികമായാണ് ജനങ്ങളെ ദൃശ്യങ്ങളിൽ കാണാൻ സാധിക്കുന്നത്.