തിരുവനന്തപുരം: മദ്ധ്യപ്രദേശ് ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്വകാര്യ കമ്പനിക്ക് ബ്രുവറി- ഡിസ്റ്റലറി അനുവദിച്ച് സംസ്ഥാന സർക്കാർ. ഒയാസിസ് കോമേഴ്സ്യൽ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിനാണ് പാലക്കാട് കഞ്ചിക്കോട് ബിയർ നിർമ്മാണത്തിനുള്ള ബ്രൂവറി, മദ്യ നിർമ്മാണത്തിനുള്ള ഡിസ്റ്റലറി, വൈൻ നിർമ്മാണത്തിനുള്ള വൈനറി എന്ന സ്ഥാപിക്കാനുള്ള അനുമതി നൽകിയത്. കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. നടപ്പു സാമ്പത്തിക വർഷം മദ്യനയം പോലും പ്രഖ്യാപിക്കാത്ത സാഹചര്യത്തിൽ മന്ത്രിസഭാ തിരുമാനം വിവാദമാകുമെന്ന് ഉറപ്പാണ്.
ഐടി പാർക്കുകളിൽ പബ്ബുകൾക്ക് ലൈസൻസ് നൽകുന്നതിന് മുന്നോടിയായാണ് ബ്രൂവറിക്കുള്ള അനുമതി. പബ്ബുകളിൽ സാധാരണയായി വലിയ കാനുകളിലാണ് ബിയർ എത്തിക്കുന്നത്. ഇത് രണ്ട് ദിവസത്തിൽ കൂടുതൽ സൂക്ഷിക്കാൻ പ്രായാോഗിക ബുദ്ധിമുട്ടുണ്ട്. ഇതുകൂടി മുന്നിൽ കണ്ടാണ് സംസ്ഥാനത്തിനത്തിന് അകത്ത് തന്നെ ഉൽപ്പാദനം ആരംഭിക്കാനുള്ള ഒരുക്കങ്ങൾ തുടങ്ങിയത്.
ബ്രൂവറിക്ക് പുറമേ എഥനോൾ പ്ലാന്റ്, മൾട്ടി ഫീഡ് ഡിസ്റ്റിലേഷൻ, ബ്രാൻഡി- വൈനറി പ്ലാന്റ്, വിദേശ മദ്യ ബോട്ടലിംഗ് യൂണിറ്റ് എന്ന ആരംഭിക്കുന്നതിനുള്ള അനുമതിയും സ്വകാര്യ കമ്പനിക്ക് ലഭിച്ചിട്ടുണ്ട്.
സർക്കാരിന് നികുതി വരുമാനം നേടിത്തരുന്ന ഉപാധിയായതിനാൽ മദ്യത്തെ പരമാവധി പ്രോത്സാഹിപ്പിക്കുകയാണ് പിണറായി സർക്കാർ. ഐടി പാർക്കുകളിൽ പബ്ബ് സൗകര്യം ഇല്ലാത്തത് ഒരു പോരായ്മയാണെന്ന് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞത് വലിയ ചർച്ചയ്‌ക്ക് ഇടായാക്കിയിരുന്നു. 2018ൽ മൂന്ന് ബ്രുവറികൾക്ക് അനുമതി നൽകിയിരുന്നെങ്കിലും പിന്നീട് വിവാദമായതോടെ ഉത്തരവ് പിൻവലിച്ചിരുന്നു.















