ഗുരുവായൂർ: ഇതരമതവിശ്വാസിയായ യുവാവ് സാമൂഹ്യവിരുദ്ധ പ്രവർത്തി നടത്തിയ ഗുരുവായൂരിലെ തുളസിത്തറയിൽ ശുദ്ധികലശവും തുളസീവന്ദനവും നടത്തി വിശ്വ ഹിന്ദു പരിഷത്ത്. വിശ്വ ഹിന്ദു പരിഷത്ത് ഗുരുവായൂർ ഘടകത്തിന്റെ ആഭിമുഖ്യത്തിലായിരുന്നു പൂജകൾ.
കഴിഞ്ഞ ദിവസം സമൂഹമാദ്ധ്യമങ്ങളിലൂടെ ഈ വീഡിയോ പുറത്തുവന്നതോടെ വലിയ പ്രതിഷേധവും ഉടലെടുത്തിരുന്നു. ചാവക്കാട് അകലാട് സ്വദേശിയായ ചില്ലിക്കൽ വീട്ടിൽ അബ്ദുൾ ഹക്കീം (48) എന്നയാൾ ആണ് ഗുരുവായൂരിലെ ഒരു സ്ഥാപനത്തിന് മുൻപിലുണ്ടായിരുന്ന തുളസിത്തറയിൽ സാമൂഹ്യവിരുദ്ധ പ്രവൃത്തി ചെയ്തത്. ഇതിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചതോടെ ഗുരുവായൂർ ടെംമ്പിൾ പോലീസ് സ്വമേധയാ കേസെടുത്ത് അന്വേഷണം തുടങ്ങിയതായി അറിയിച്ചിരുന്നു.
വിഎച്ച്പി ജില്ലാ ജോയിന്റ് സെക്രട്ടറി അനൂപിന്റെ നേതൃത്വത്തിലാണ് വിശ്വാസ സമൂഹത്തിന് വേണ്ടി തുളസിത്തറയിൽ ശുദ്ധി കലശവും തുളസി വന്ദനവും നടത്തിയത്. ഹിന്ദു ഐക്യ വേദി പ്രവർത്തകർ, ക്ഷേത്ര സംരക്ഷണ സമിതി പ്രവർത്തകർ തുടങ്ങി നിരവധി ഭക്തജനങ്ങളും ചടങ്ങിൽ പങ്കെടുത്തു.
വീഡിയോയിലുള്ള യുവാവിന് മാനസീകപ്രശ്‌നങ്ങൾ ഉണ്ടെന്നാണ് പൊലീസ് നൽകുന്ന വിവരം. ഇയാൾ ഗുരുവായൂരിൽ തന്നെ നാഷണൽ പാരഡൈസ് റെസ്റ്ററന്റ് എന്ന പേരിൽ ഹോട്ടൽ നടത്തുന്നയാളാണ്. ആ സ്ഥാപനത്തിന് സമീപത്തെ മറ്റൊരു സ്ഥാപനത്തിന് മുൻപിലുണ്ടായിരുന്ന തുളസിത്തറയിലായിരുന്നു അതിക്രമം. ആ സ്ഥാപന ഉടമയുമായുള്ള വൈരാഗ്യത്തിന്റെ പേരിലായിരുന്നു തന്റെ പ്രവർത്തിയെന്ന് ഉൾപ്പെടെ യുവാവ് സമ്മതിക്കുന്ന വാട്‌സ് ആപ്പ് ചാറ്റിന്റെ സ്‌ക്രീൻഷോട്ടുകളും പുറത്തുവന്നിരുന്നു.















