ന്യൂഡൽഹി: ഇന്ത്യയും സിംഗപ്പൂരും സ്വാഭാവിക പങ്കാളികൾ ആണെന്നും1965-ൽ സിംഗപ്പൂരിന് സ്വാതന്ത്ര്യം ലഭിച്ചതിനുശേഷം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം അതിരുകൾ ഭേദിച്ച് വളർന്നിട്ടുണ്ടെന്നും സിംഗപ്പൂർ പ്രസിഡൻ്റ് ധർമൻ ഷൺമുഖരത്നം പറഞ്ഞു.
ഇന്ത്യയിലെത്തിയ സിംഗപ്പൂർ പ്രസിഡൻ്റ് ധർമൻ ഷൺമുഖരത്‌നത്തിന് രാഷ്‌ട്രപതി ഭവനിൽ ചുവപ്പു പരവതാനി വിരിച്ച് ആചാരപരമായ വരവേൽപ്പ് നൽകി. ഷൺമുഖരത്നം ഗാർഡ് ഓഫ് ഓണർ പരിശോധിച്ച ശേഷം വിവിധ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തി.
കഴിഞ്ഞ വർഷം സെപ്തംബറിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അവസാന സിംഗപ്പൂർ സന്ദർശന വേളയിൽ പ്രഖ്യാപിച്ച സമഗ്രമായ തന്ത്രപരമായ പങ്കാളിത്തത്തിലേക്ക് ബന്ധങ്ങൾ നവീകരിച്ചുകൊണ്ട് ഇരു രാജ്യങ്ങളും ഇപ്പോൾ പുതിയ പാതയിലാണെന്ന് ഷൺമുഖരത്നം പറഞ്ഞു. സെമി കണ്ടക്ടർ വ്യവസായം , നെറ്റ് സീറോ ഇൻഡസ്ട്രിയൽ പാർക്കുകൾ എന്നിവയിൽ സഹകരിച്ച് പ്രവർത്തിക്കാനുള്ള ശ്രമത്തിലാണ് തങ്ങളെന്ന് സിംഗപ്പൂർ രാഷ്‌ട്രപതി പറഞ്ഞു.
ഭാരത രാഷ്‌ട്രപതി ദ്രൗപദി മുർമു, പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര വിദേശകാര്യ മന്ത്രി ജയശങ്കർ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.
നേരത്തെ, 2015ൽ അന്നത്തെ സിംഗപ്പൂർ പ്രസിഡൻ്റ് ടോണി ടൺ കിംഗ് യാം ഡൽഹി സന്ദർശിച്ചിരുന്നു. അതിനു ശേഷം കഴിഞ്ഞ 10 വർഷത്തിനിടെ ആദ്യമായാണ് സിംഗപ്പൂർ പ്രസിഡൻ്റ് ഇന്ത്യ സന്ദർശിക്കുന്നത്.
ശ്രീലങ്കയിൽ ജനിച്ച തമിഴ് വംശജനായ ധർമൻ ഷൺമുഖരത്‌നം സിംഗപ്പൂരിലെ ഉപപ്രധാനമന്ത്രി, ധനമന്ത്രി, വിദ്യാഭ്യാസ മന്ത്രി തുടങ്ങി നിരവധി പദവികൾ ഇതിനോടകം വഹിച്ചിട്ടുണ്ട്.















