പ്രയാഗ്‌രാജ്: ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിൽ ആരംഭിച്ച മഹാകുംഭ മേളയിൽ അനുദിനം ലക്ഷക്കണക്കിന് ഭക്തരാണ് എത്തിക്കൊണ്ടിരിക്കുന്നത്. നിരവധി സന്യാസിമാരുടെ സംഗമ സ്ഥലംകൂടിയാണ് ഇവിടം. ചോട്ടു ബാബ, ചാഭി വാലാ ബാബ, സ്‌പ്ലെൻഡർ ബാബ തുടങ്ങി നിരവധി ആധുനിക ബാബമാർ കഴിഞ്ഞ ദിവസങ്ങളിൽ കുംഭമേളയുടെ ഭാഗമായി.
എന്നാൽ രമേശ് കുമാർ മാഞ്ചി എന്ന ‘കാണ്ടേ വാലാ ബാബ’ യാണ് ഇപ്പോൾ കുംഭമേളയ്‌ക്കെത്തിയ ഭക്തരുടെ പ്രധാന ആകർഷണം. കൂർത്ത മുൾപടർപ്പ് ദേഹത്തുചുറ്റി കിടന്ന് ഢമരു മുഴക്കി ധ്യാനിക്കുന്ന ബാബയെ കാണാൻ നിരവധി ഭക്തരാണ് തടിച്ച് കൂടിയത്. ഗുരു പകർന്നു തന്ന ജ്ഞാനമാണ് തന്റെ ശക്തിയെന്ന് ബാബ പറഞ്ഞു. “മുൾപടർപ്പിൽ കിടക്കാനുള്ള സിദ്ധി ഈശ്വരന്റെ അനുഗ്രഹമാണ്. ഇതൊരിക്കലും ശരീരത്തെ വേദനിപ്പിക്കുന്നില്ല. കഴിഞ്ഞ 40-50 വർഷമായി ഇവിടെ വരുന്നുണ്ട്,” ബാബ പറഞ്ഞു. തനിക്ക് ലഭിക്കുന്ന ദക്ഷിണയിൽ പകുതിയും ദാനം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു.
#WATCH | Prayagraj, UP | Ramesh Kumar Manjhi alias Kaante Wale Baba lays down on thorns at #MahaKumbh2025 in Prayagraj. pic.twitter.com/4emU9LwZv9
— ANI (@ANI) January 15, 2025
അതേസമയം മഹാ കുംഭമേളയിൽ പങ്കെടുക്കാനായി പത്ത് രാജ്യങ്ങളിൽ നിന്നുള്ള 21 അംഗ പ്രതിനിധി സംഘം കഴിഞ്ഞ ദിവസം പ്രയാഗ് രാജിലെത്തി. സംഘം ത്രിവേണി സംഘത്തിൽ പുണ്യസ്നാനം നടത്തും. ഫിജി, ഫിൻലൻഡ്, ഗയാന, മലേഷ്യ, മൗറീഷ്യസ്, സിംഗപ്പൂർ, സൗത്ത് ആഫ്രിക്ക, ശ്രീലങ്ക, ട്രിനിഡാഡ് ആൻഡ് ടുബാഗോ, യുഎഇ എന്നിവിടങ്ങളിൽ നിന്നുള്ള പ്രതിനിധികളാണ് കുംഭമേളയിൽ പങ്കെടുക്കാൻ ഇന്ത്യയിലെത്തിയത്.