വയനാട്: പുൽപ്പള്ളി അമരക്കുനിയെ ഭീതിയിലാഴ്‌ത്തിയ കടുവ കൂട്ടിൽ. ഇന്നലെ രാത്രിയാണ് കടുവ കൂട്ടിൽ അകപ്പെട്ടത്. തൂപ്രയിൽ സ്ഥാപിച്ച കൂട്ടിലാണ് കടുവ കുടുങ്ങിയത്.
കെണിയൊരുക്കിയ വനം വകുപ്പിന്റെ കൂട് ആട്ടിൻ കൂടിന്റെ രീതിയിലേക്ക് മാറ്റിയതാണ് കടുവയെ വരുതിയിലാക്കാൻ കഴിഞ്ഞത്. പ്രദേശത്ത് അഞ്ച് കൂടുകളാണ് കടുവയെ പിടികൂടാനായി വനം വകുപ്പ് സ്ഥാപിച്ചത്. ഇതിൽ തൂപ്രയിലെ കേശവന്റെ വീടിന് താഴെയുള്ള വയലിന് സമീപം സ്ഥാപിച്ച കൂട്ടിലാണ് കടുവ കുടുങ്ങിയത്.
എട്ട് വയസുള്ള കടുവയെയാണ് പിടികൂടിയത്. ഒരാഴ്ചയ്‌ക്കിടെ പ്രദേശത്തെ അഞ്ച് ആടുകളെയാണ് കടുവ കൊന്നത്. ഇതിന് പിന്നാലെ വൻ പ്രതിഷേധം ഉയർന്നിരുന്നു. തുടർന്ന് വനം വകുപ്പ് വൻ സന്നാഹമാണ് ഒരുക്കിയിരുന്നത്. ഇതിനിടെ കെണിയൊരുക്കിയ കൂട്ടിലേക്ക് കടുവ കയറും മുൻപ് കൂടിന്റെ വാതിലടഞ്ഞതും തിരിച്ചടിയായി.
ആടുകളെ മാത്രമായിരുന്നു കടുവ ഭക്ഷിച്ചിരുന്നത്. ഇതാണ് കെണിയൊരക്കിയ കൂടിനെ ആട്ടിൻകൂടാക്കി മാറ്റാൻ വനം വകുപ്പിനെ പ്രേരിപ്പിച്ചത്. ഇന്നലെ രാത്രി തന്നെ കടുവയെ വന്യമൃഗ പരിപാലന കേന്ദ്രത്തിലേക്ക് മാറ്റി. കടുവയുടെ ആരോഗ്യസ്ഥിതി വനംവകുപ്പ് നിരീക്ഷിക്കുകയാണ്.















