തിരുവനന്തപുരം: കോളിളക്കം സൃഷ്ടിച്ച പാറശാല ഷാരോൺ വധക്കേസിൽ ഒന്നാം പ്രതി ഗ്രീഷ്മയും മൂന്നാം പ്രതി അമ്മാവൻ നിർമലകുമാരൻ നായരും കുറ്റക്കാരെന്ന് കോടതി. തെളിവുകളുടെ അഭാവത്തിൽ രണ്ടാം പ്രതിയും ഗ്രീഷ്മയുടെ അമ്മയുമായ സിന്ധുവിനെ വെറുതെ വിട്ടു. നെയ്യാറ്റിൻകര സെഷൻസ് കോടതി ജഡ്ജി എ.എം ബഷീറാണ് വിധി പറഞ്ഞത്. നാളെയാണ് പ്രതികൾക്കുള്ള ശിക്ഷ വിധിക്കുക.
ഗ്രീഷ്മയ്‌ക്കെതിരെ കൊലപാതകം ഉൾപ്പടെയുള്ള വകുപ്പുകൾ തെളിഞ്ഞു. 302, 328, 364, 201 വകുപ്പുകൾ പ്രകാരം ഗ്രീഷ്മ കുറ്റക്കാരിയാണ്. തട്ടിക്കൊണ്ടുപോകൽ, വിഷം നൽകൽ, കൊലപാതകം, പൊലീസിനെ തെറ്റിദ്ധരിപ്പിച്ചു എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.
അമ്മയ്‌ക്കും അമ്മാവാനുമെതിരെ തെളിവ് നശിപ്പിച്ച വകുപ്പുകളാണ് ചുമത്തിയിരുന്നത്. രണ്ടാം പ്രതി സിന്ധു തെളിവ് നശിപ്പിച്ചെന്ന് തെളിക്കാൻ സാധിച്ചില്ല. ഏഴ് വർഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് മൂന്നാം പ്രതിക്കെതിരെ തെളിഞ്ഞിരിക്കുന്നത്.
ഗ്രീഷ്മയുടെ അമ്മയെ വെറുതെ വിടാൻ പാടില്ലായിരുന്നുവെന്ന് ഷാരോണിന്റെ കുടുംബം പ്രതികരിച്ചു. ശിക്ഷാ വിധി വന്ന ശേഷം തുടർ തീരുമാനങ്ങളെടുക്കുമെന്നും കുടുംബം അറിയിച്ചു.
കാമുകനായ ഷാരോണിനെ (23) വീട്ടിലേക്ക് വിളിച്ചുവരുത്തി കഷായത്തിൽ കീടനാശിനി കലർത്തി കൊലപ്പെടുത്തിയെന്നാണ് കേസ്. 2022 ഒക്ടോബർ 14-നാണ് കേസിനാസ്പദമായ സംഭവം. സൈനികനുമായി നിശ്ചയിച്ച വിവാഹത്തിന് തടസമാകുമെന്ന് തോന്നിയതിനാലാണ് ഷാരോണിനെ ഒഴിവാക്കാനായി വിഷം നൽകി കൊലപ്പെടുത്താൻ ഗ്രീഷ്മ പദ്ധതിയിട്ടത്. അമ്മ സിന്ധു ഇതിന് ഒത്താശ ചെയ്ത് നൽകിയയെന്നും കീടനാശിനി വാങ്ങി നൽകിയത് അമ്മാവനാണെന്നും പൊലീസ് കണ്ടെത്തിയിരുന്നു.
അവശനിലയിലായി ചികിത്സയിൽ കഴിയുന്നതിനിടെ ഷാരോൺ 11 ദിവസങ്ങൾക്ക് ശേഷം മരണത്തിന് കീഴടങ്ങി. മജിസ്‍ട്രേറ്റിന് നൽകിയ മരണമൊഴിയിൽ ഗ്രീഷ്മക്കെതിരെ ഷാരോൺ ഒന്നും പറഞ്ഞിരുന്നില്ല. എന്നാൽ അച്ഛനോടും സുഹൃത്തിനോടും ഗ്രീഷ്മ ചതിച്ചെന്ന് ഷാരോൺ പറഞ്ഞെിരുന്നു. അന്വേഷണസംഘത്തിന് ഫോറൻസിക് ഡോക്ടർ കൈമാറിയ ശാസ്ത്രീയ തെളിവുകളാണ് കേസിൽ നിർണായകമായത്.