മുംബൈ: മോഷണശ്രമത്തിനിടെ ബോളിവുഡ് നടൻ സെയ്ഫ് അലി ഖാനെ ആക്രമിച്ച മുഖ്യപ്രതിയെ അറസ്റ്റ് ചെയ്ത് മുംബൈ പൊലീസ്. മുംബൈയിലും സമീപ പ്രദേശങ്ങളിലും 20 ടീമുകളായി തിരിഞ്ഞ് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. ഇയാളെ ചോദ്യം ചെയ്യലിനായി ബാന്ദ്ര പൊലീസ് സ്റ്റേഷനിലേക്ക് എത്തിച്ചു.
കഴിഞ്ഞ ദിവസം പുലർച്ചെയാണ് സെയ്ഫ് അലി ഖാന്റെ ബാന്ദ്രയിലെ വസതിയിൽ അക്രമിയെത്തിയത്. പ്രതി ഫയർ എസ്‌കേപ്പ് ഗോവണിയിലൂടെയാണ് വീടിനുളിലേക്ക് കടന്നത്. ഇയാൾ കുടുംബത്തോട് ഒരു കോടി രൂപ ആവശ്യപ്പെട്ടതായും മോഷണശ്രമം തടയാൻ ശ്രമിക്കുന്നതിനിടെയാണ് സെയ്ഫ് അലി ഖാന് കുത്തേറ്റതെന്നും പൊലീസ് പറഞ്ഞു. നടനെ കുത്തി പരിക്കേൽപ്പിച്ച ശേഷം പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ സെയ്ഫ് അലി ഖാനെ മുംബൈയിലെ ലീലാവതി ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. അടിയന്തര ശസ്ത്രക്രിയയ്‌ക്ക് വിധേയനായ താരം അപകടനയില തരണം ചെയ്തുവെന്ന് ഭാര്യയും നടിയുമായ കരീന കപൂർ ഖാൻ സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ച പ്രസ്താവനയിൽ പറഞ്ഞു. സംഭവത്തിൽ കവർച്ച, അതിക്രമിച്ച് കടക്കൽ, ഗുരുതരമായി പരിക്കേൽപ്പിക്കൽ എന്നീ വകുപ്പുകൾ ചുമത്തിയാണ് മുംബൈ പൊലീസ് കേസെടുത്തിരിക്കുന്നത്.















