മുംബൈ: മോഷണശ്രമം തടയുന്നതിനിടെ നടൻ സെയ്ഫ് അലി ഖാന് കുത്തേറ്റ സംഭവം ഞെട്ടലോടെയാണ് ബോളിവുഡ് സിനിമാ ലോകം കേട്ടത്. സെയ്ഫ് അലി ഖാന്റെ ആരോഗ്യാവസ്ഥ മെച്ചപ്പെട്ടുവരികയാണ്. താരങ്ങളായ ഷാരൂഖ് ഖാൻ, രൺബീർ കപൂർ, ആലിയ ഭട്ട്, സോഹ അലി ഖാൻ തുടങ്ങിയവർ ആശുപത്രിയിലെത്തി സെയ്ഫ് അലി ഖാനെ സന്ദർശിച്ചിരുന്നു. മക്കളായ ഇബ്രാഹിം അലി ഖാൻ, സാറ അലി ഖാൻ എന്നിവരും മുംബൈയിലെ ലീലാവതി ആശുപത്രിയിലുണ്ട്. ഇതിനിടെ ഇബ്രാഹിമിന്റെ പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് നിർത്തിവച്ചു.
സെയ്ഫ് പൂർണമായും സുഖം പ്രാപിക്കുന്നത് വരെ അദ്ദേഹത്തോടൊപ്പം ആശുപത്രിയിലുണ്ടാകുമെന്ന് മകനും നടനുമായ ഇബ്രാഹിം അറിയിച്ചതായി ചിത്രത്തിന്റെ അണിയറപ്രവർത്തകർ വ്യക്തമാക്കി. കുനാൽ ദേശ്മുഖ് സംവിധാനം ചെയ്യുന്ന ദിലാറിന്റെ ഷൂട്ടിംഗാണ് നിർത്തിവച്ചത്. ഇത് സംബന്ധിച്ച് വാർത്താകുറിപ്പ് പുറത്തിറക്കിയിട്ടുണ്ട്.
“ദിലറിന്റെ ഷൂട്ടിംഗ് നടന്നുവരികയാണ്. എന്നാൽ സെയ്ഫ് അലി ഖാന് നേരെയുള്ള ആക്രമണത്തെ തുടർന്ന് ഷൂട്ടിംഗ് നിർത്തിവച്ചു. ആശുപത്രിയിൽ നിന്ന് വീട്ടിലേക്ക് പോകുന്നത് വരെയും പൂർണ ആരോഗ്യവാനാകുന്നത് വരെയും പിതാവിനൊപ്പം ഇരിക്കാൻ ആഗ്രഹിക്കുന്നതായി ഇബ്രാഹിം അറിയിച്ചു”- അണിയറപ്രവർത്തകർ വാർത്താകുറിപ്പിൽ പറയുന്നു.
അതേസമയം, സെയ്ഫ് അലി ഖാന് വിശ്രമം അത്യാവശ്യമാണെന്നും ഒരാഴ്ചയോളം ആശുപത്രിയിൽ കിടക്കണമെന്നും ഡോക്ടർമാർ അറിയിച്ചു. സെയ്ഫിനെ സന്ദർശിക്കാൻ പുറത്തുള്ള ആരെയും അനുവദിക്കില്ലെന്ന് പൊലീസ് പറഞ്ഞു.















