ന്യൂഡൽഹി: ഇന്ത്യയുടെ പരമോന്നത കായിക ബഹുമതിയായ മേജർ ധ്യാൻചന്ദ് ഖേൽരത്ന അവാർഡുകൾ സമ്മാനിച്ചു. ഇരട്ട ഒളിമ്പിക് മെഡൽ ജേതാവ് മനു ഭാക്കർ, ലോക ചെസ്സ് ചാമ്പ്യൻ ഗുകേഷ് ദൊമ്മരാജു, ഇന്ത്യൻ പുരുഷ ഹോക്കി ടീം ക്യാപ്റ്റൻ ഹർമൻപ്രീത് സിംഗ്, പാരാ അത്‌ലറ്റ് പ്രവീൺ കുമാർ എന്നിവരാണ് പുരസ്‌കാരങ്ങൾ ഏറ്റുവാങ്ങിയത്. രാഷ്‌ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ രാഷ്‌ട്രപതി ദ്രൗപദി മുർമുവാണ് പുരസ്കാരങ്ങൾ നൽകിയത്.
ഈ മാസം ആദ്യം, യുവജനകാര്യ, കായിക മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിലാണ് 2024 ലെ ദേശീയ കായിക പുരസ്‌കാരങ്ങൾക്ക് അർഹരായവരുടെ പേരുകൾ പ്രഖ്യാപിച്ചത്. അർജുന, ദ്രോണാചാര്യ അവാർഡുകളും രാഷ്‌ട്രപതി സമ്മാനിച്ചു.
ഇന്ത്യൻ പുരുഷ ഹോക്കി താരങ്ങളായ ജർമൻപ്രീത് സിംഗ്, സഞ്ജയ്, അഭിഷേക്, സുഖ്ജീത് സിംഗ്, വനിതാ ഹോക്കി ടീം ക്യാപ്റ്റൻ സലിമ ടെറ്റെ എന്നിവർക്ക് 2024 ലെ അർജുന അവാർഡ് ലഭിച്ചു. ഇന്ത്യൻ ചെസ് ഗ്രാൻഡ് മാസ്റ്റർ വന്തിക അഗർവാൾ, അത്‌ലറ്റ് ജ്യോതി യാരാജി എന്നിവർക്കും അർജുന അവാർഡിനർഹരായി.
സന്ദീപ് സാംഗ്‌വാൻ (ഹോക്കി),സുഭാഷ് റാണ (പാരാ ഷൂട്ടിംഗ്), ദിപാലി ദേശ്പാണ്ഡെ (ഷൂട്ടിംഗ്), മലയാളിയായ എസ് മുരളീധരൻ (ബാഡ്മിന്റൺ) എന്നിവർക്ക് രാജ്യത്തെ മികച്ച കായിക പരിശീലകർക്കുള്ള ദ്രോണാചാര്യ അവാർഡ് സമ്മാനിച്ചു.