ന്യൂഡൽഹി: യുക്രെയ്നെതിരെ യുദ്ധം ചെയ്യാൻ റഷ്യ നിരത്തിയ പട്ടാളക്കാരിൽ ഇന്ത്യക്കാരായ 16 പേരെ കാണാനില്ലെന്ന് റിപ്പോർട്ട്. ഇതിനോടകം 12 ഇന്ത്യക്കാർ കൊല്ലപ്പെട്ടെന്നും വിദേശകാര്യമന്ത്രാലയം സ്ഥിരീകരിച്ചു. റഷ്യൻ കൂലിപ്പട്ടാളത്തിൽ ചേർന്നവരെക്കുറിച്ചുള്ള വിശദാംശങ്ങൾ പങ്കുവെക്കുകയായിരുന്നു വിദേശകാര്യ വക്താവ് രൺധീർ ജയ്സ്വാൾ.
റഷ്യൻ കൂലിപ്പട്ടാളത്തിന് വേണ്ടി ജോലി ചെയ്യുന്നതിനിടെ കൊല്ലപ്പെട്ട മലയാളി യുവാവിന്റെ വാർത്ത പുറത്തുവന്ന സാഹചര്യത്തിലാണ് വിദേശകാര്യ മന്ത്രാലയം വിശദീകരണം നൽകിയത്. ഏജന്റുമാരുടെ ചതിയിൽ കുരുങ്ങി റഷ്യയിലെത്തുകയും അവിടുത്തെ കൂലിപ്പട്ടാളത്തിൽ ചേരേണ്ടി വരികയും ചെയ്ത ഇന്ത്യക്കാരെക്കുറിച്ചുള്ള ആശങ്ക മോസ്കോയെ അറിയിച്ചതായും റഷ്യൻ ആർമിയിൽ നിന്ന് എല്ലാ ഇന്ത്യക്കാരെയും തിരികെവിടണമെന്ന ആവശ്യം ഉന്നയിച്ചതായും വിദേശകാര്യമന്ത്രാലയം അറിയിച്ചു.
ഇതുവരെയുള്ള കണക്കുപ്രകാരം 126 ഇന്ത്യക്കാരാണ് റഷ്യയുടെ കൂലിപ്പട്ടാളത്തിൽ ചെന്നുപെട്ടത്. ഇതിൽ 96 പേർ സുരക്ഷിതരായി തിരിച്ചെത്തി. ഇനി 18 പേരാണ് റഷ്യയിൽ അവശേഷിക്കുന്നത്. ഇതിൽ 16 പേരെക്കുറിച്ച് യാതൊരു വിവരവും ലഭ്യമല്ലെന്നും ഇവരെ കാണാനില്ലെന്നുമാണ് റഷ്യ നൽകുന്ന വിവരം. ശേഷിക്കുന്നവരെ ഇന്ത്യയിലേക്ക് മടക്കിയെത്തിക്കാനുള്ള ഊർജ്ജിത ശ്രമം തുടരുകയാണ്. യുക്രെയ്ന് വേണ്ടി യുദ്ധം ചെയ്ത 12 ഇന്ത്യൻ പൗരന്മാർ കൊല്ലപ്പെട്ടെന്നാണ് ഔദ്യോഗിക കണക്കെന്നും വിദേശകാര്യ വക്താവ് വ്യക്തമാക്കി.