മുംബൈ: മോഷ്ടാവിന്റെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ് രക്തം വാർന്ന് വീഴുമ്പോഴും സെയ്ഫ് അലി ഖാൻ സംസാരിക്കാൻ ശ്രമിച്ചുവെന്ന് ഓട്ടോ ഡ്രൈവർ. ആശുപത്രിയിൽ എത്താൻ എത്ര സമയമെടുക്കുമെന്ന് സെയ്ഫ് അലി ഖാൻ തന്നോട് ചോദിച്ചെന്നും എട്ട് മിനിറ്റിനുള്ളിൽ തങ്ങൾ ആശുപത്രിയിൽ എത്തിയെന്നും ഓട്ടോഡ്രൈവറായ ഭജൻ സിംഗ് പറഞ്ഞു.
“ഞാൻ വീട്ടിലേക്ക് പോവുകയായിരുന്നു. പെട്ടെന്ന് ബാന്ദ്ര അപ്പാർട്ട്മെന്റിന്റെ മെയിൻ ഗേറ്റിന് സമീപത്ത് നിന്ന് പെട്ടെന്നൊരു ശബ്ദം കേട്ടു. വാഹനം നിർത്തൂ.. നിർത്തൂ എന്ന് ഒരു സ്ത്രീ ഉച്ചത്തിൽ നിലവിളിക്കുന്നുണ്ടായിരുന്നു. ഒരാൾ നടന്നുവരുന്നത് കണ്ടു. അദ്ദേഹത്തിന്റെ (സെയ്ഫ് അലി ഖാൻ) കഴുത്തിൽ നിന്നും മുതുകിൽ നിന്നും രക്തം വരുന്നുണ്ടായിരുന്നു. സ്വയം നടന്നുതന്നെയാണ് അദ്ദേഹം വണ്ടിയിൽ കയറിയത്”.
“ഒരു ചെറിയ കുട്ടിയും കൂടെയുണ്ടായിരുന്നു. ആശുപത്രിയിൽ എത്താൻ എത്ര സമയമെടുക്കുമെന്നാണ് ഓട്ടോയിൽ കയറിയ ഉടനെ അദ്ദേഹം എന്നോട് ചോദിച്ചത്. എട്ട് മിനിറ്റിനുള്ളിൽ ഞങ്ങൾ ആശുപത്രിയിലെത്തി. അദ്ദേഹത്തിന്റെ വെള്ള നിറത്തിലുള്ള കുർത്ത ചുവന്ന നിറമായി. ഒരുപാട് രക്തം പോയിരുന്നു. ആശുപത്രിയിലെത്തിയ ശേഷം പണം വാങ്ങാതെ ഞാൻ തിരികെ മടങ്ങി. കൃത്യസമയത്ത് സഹായിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും” ഡ്രൈവർ പറഞ്ഞു.
സെയ്ഫ് അലി ഖാന്റെ ആരോഗ്യാവസ്ഥയിൽ പുരോഗതിയുണ്ടെന്ന് ലീലാവതി ആശുപത്രിയിലെ അധികൃതർ അറിയിച്ചു. പ്രതിയെ കണ്ടെത്തുന്നതിനുള്ള അന്വേഷണം മുംബൈ പൊലീസ് ഊർജ്ജിതമാക്കിയിട്ടുണ്ട്.