മലപ്പുറം: ലോറിയിൽ നിന്ന് തടിയിറക്കുന്നതിനിടെ തടിയുരുണ്ട് ശരീരത്തിൽ വീണ് ചുമട്ടുതൊഴിലാളി മരിച്ചു. മലപ്പുറം തുവ്വൂറിലെ തടിമില്ലിലാണ് സംഭവം. തുവ്വൂർ സ്വദേശി ഷംസുദ്ദീൻ (54)ആണ് മരിച്ചത്.
ഷംസുദ്ദീനും മറ്റ് തൊഴിലാളികളും ചേർന്നാണ് തടിയിറക്കിയത്. ഇതിനിടെ അപ്രതീക്ഷിതമായി ലോറിയുടെ മുകളിൽ നിന്ന് തടിയുരുണ്ട് താഴേക്ക് വീണു. ലോറിയുടെ മുകളിൽ നിൽക്കുകയായിരുന്നു ഷംസുദ്ദീൻ. തടിയുരുണ്ട് വീണപ്പോൾ ഷംസുദ്ദീനും നിലത്ത് വീണു. എഴുന്നേൽക്കാൻ സാധിക്കാതെ കിടന്ന
ഷംസുദ്ദീന്റെ ശരീരത്തിലൂടെ മറ്റൊരു തടികൂടി വീഴുകയായിരുന്നു.
മില്ലിലുണ്ടായിരുന്ന മറ്റ് ജീവനക്കാർ ചേർന്നാണ് തടിമാറ്റി ഷംസുദ്ദീനെ പുറത്തെടുത്തത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.















