മുംബൈ: ബോളിവുഡ് നടൻ സെയ്ഫ് അലി ഖാനെ കുത്തിപരിക്കേൽപ്പിച്ച പ്രതിയെ തെരഞ്ഞ് മുംബൈ പൊലീസ്. ആക്രമണം കഴിഞ്ഞ് 40 മണിക്കൂർ പിന്നിടുമ്പോൾ അക്രമിയുടെ പുതിയ സിസിടിവി ദൃശ്യങ്ങൾ അന്വേഷണ സംഘം പുറത്തുവിട്ടു. സെ്യ്ഫിനെ ആക്രമിച്ചതിന് ശേഷം വസ്ത്രംമാറി നടന്നുപോകുന്ന മോഷ്ടാവിന്റെ ദൃശ്യമാണ് പൊലീസ് പുറത്തുവിട്ടത്.
ബാന്ദ്രയിലെ ഒരു ഹോട്ടലിന് മുന്നിലുള്ള സിസിടിവി കാമറയിൽ നിന്നാണ് അക്രമിയുടെ ദൃശ്യങ്ങൾ ലഭിച്ചത്. ആദ്യം ലഭിച്ച ദൃശ്യത്തിൽ കറുത്ത നിറത്തിലുള്ള ഷർട്ടാണ് പ്രതി ധരിച്ചിരിക്കുന്നത്. എന്നാൽ ഹോട്ടലിന് മുന്നിലെ സിസിടിവിയിൽ മോഷ്ടാവ് ധരിച്ചിരിക്കുന്നത് നീല ഷർട്ടാണ്.
കനത്ത സുരക്ഷയിലുള്ള ഫ്ലാറ്റിലേക്ക് അക്രമി എങ്ങനെ പ്രവേശിച്ചു എന്നതിനെ കുറിച്ച് പൊലീസ് അന്വേഷണം നടത്തിവരികയാണ്. സെയ്ഫ് അലി ഖാന്റെ ഫ്ലാറ്റിലെ എല്ലാ ജീവനക്കാരെയും ചോദ്യം ചെയ്തിട്ടുണ്ട്. എന്നാൽ സംശയം തോന്നിയ ഒരു മരപ്പണിക്കാരനെ ചോദ്യം ചെയ്തെങ്കിലും പിന്നീട് അയാളെ വിട്ടയച്ചു. കൂടാതെ അക്രമിയുടെ രൂപസാദൃശ്യമുള്ള മറ്റൊരു വ്യക്തിയെ കൂടി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പ്രതിയല്ലെന്ന് വ്യക്തമായതോടെ വിട്ടയക്കുകയായിരുന്നു.