തിരുവനന്തപുരം: നെടുമങ്ങാട് ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം. കുടുംബസമേതം വിനോദയാത്ര പോയ സംഘമാണ് അപകടത്തിൽപ്പെട്ടത്. കാട്ടാക്കട പെരുങ്കടവിളയിൽ നിന്നുള്ളവരാണ് ബസിലുണ്ടായിരുന്നതെന്നാണ് വിവരം. നെടുമങ്ങാട് ഇരിഞ്ചയത്താണ് അപകടം നടന്നത്. ബസിൽ 49 പേരുണ്ടായിരുന്നുവെന്നാണ് സൂചന. വെള്ളിയാഴ്ച രാത്രി പത്ത് മണിയോടെയാണ് അപകടമുണ്ടായത്. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇതിൽ ചിലരുടെ നില ഗുരുതരമാണ്.
നാട്ടുകാരും ഫയർഫോഴ്സും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. ബസ് ഉയർത്താനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. ബസിനകത്ത് നിന്ന് പുറത്തെടുത്തവരെ നെടുമങ്ങാട് താലൂക്ക് ആശുപത്രിയിലേക്കും ഗുരുതരമായി പരിക്കേറ്റവരെ മെഡിക്കൽ കോളേജിലേക്കും മാറ്റി. മൂന്നാറിലേക്ക് വിനോദയാത്ര പോകാൻ പുറപ്പെട്ടവരാണ് അപകടത്തിൽപ്പെട്ടതെന്നാണ് റിപ്പോർട്ടുകൾ. പരിക്കേറ്റവരിൽ പ്രായമായവരും കുട്ടികളുമുണ്ട്. പ്രായമായ സ്ത്രീ മരിച്ചതായും വിവരമുണ്ട്.















