മുംബൈ: സെയ്ഫ് അലി ഖാന് കുത്തേറ്റ സംഭവത്തിൽ ഭാര്യയും നടിയുമായ കരീന കപൂറിന്റെ മൊഴിയെടുത്ത് പൊലീസ്. സംഭവം നടന്ന ബാന്ദ്രയിലെ വസതിയിൽ വച്ചാണ് കരീനയുടെ മൊഴി രേഖപ്പെടുത്തിയത്. ആക്രമണവുമായി ബന്ധപ്പെട്ട് ഇതുവരെ 30-ലധികം ആളുകളുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.
സംഭവത്തിന് പിന്നാലെ സോഷ്യൽമീഡിയയിലൂടെ നിരവധി അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. ഇതിൽ പ്രതികരിച്ച് കരീന കപൂർ രംഗത്തെത്തിയിരുന്നു. തങ്ങളുടെ സ്വകാര്യതയെ മാനിക്കണമെന്നും പാപ്പരാസികളും മാദ്ധ്യമങ്ങളും തെറ്റായ വാർത്തകളും ഊഹാപോഹങ്ങളും പ്രചരിപ്പിക്കരുതെന്നും കരീന വാർത്താകുറിപ്പിൽ പറഞ്ഞു.
“ഞങ്ങൾക്ക് ലഭിക്കുന്ന പിന്തുണയ്‌ക്ക് ഒരുപാട് നന്ദിയുണ്ട്. എന്നാൽ ഞങ്ങളെ തന്നെ പിന്തുടരുന്നത് ഞങ്ങളുടെ സുരക്ഷയെ ബാധിക്കും. ഞങ്ങളുടെ കുടുംബം പഴയപടിയാകാൻ ആവശ്യമായ സമയം നൽകണമെന്ന് അഭ്യർത്ഥിക്കുന്നു. ദുഷ്കരമായ ഈ സമയത്ത് തങ്ങളോടൊപ്പം നിന്ന എല്ലാവർക്കും നന്ദി അറിയിക്കുന്നുവെന്നും” കരീന കുറിച്ചു.
പ്രതിയെ കണ്ടെത്തുന്നതിന് ബാന്ദ്ര പൊലീസിനെ കൂടാതെ ക്രൈംബ്രാഞ്ചിലെ 10 സംഘങ്ങളും അന്വേഷണത്തിനുണ്ട്. പ്രതിയുടെ പുതിയ സിസിടിവി ദൃശ്യങ്ങൾ അന്വേഷണം സംഘം പുറത്തുവിട്ടിരുന്നു. ബാന്ദ്രയിലെ ഒരു ഹോട്ടലിന് മുന്നിലുള്ള സിസിടിവി കാമറയിൽ പതിഞ്ഞ ദൃശ്യങ്ങളാണ് പൊലീസ് പുറത്തുവിട്ടത്. കേസിൽ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. സംശയത്തിലുള്ള മൂന്ന് പേരെ ചോദ്യം ചെയ്തുവരികയാണ്.















