ഇംഫാൽ: മണിപ്പൂരിൽ 62 കോടിയുടെ മയക്കുമരുന്ന് പിടികൂടി. മണിപ്പൂരിലെ ചുരാചന്ദ്പൂരിൽ വനമേഖലയ്ക്ക് സമീപത്ത് നിന്നാണ് മയക്കുമരുന്ന് പിടികൂടിയത്. സംഭവത്തിൽ രണ്ട് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. മയക്കുമരുന്ന് കടത്താൻ ശ്രമിക്കുന്നതിനിടെയാണ് പ്രതികൾ അറസ്റ്റിലായത്.
അസം റൈഫിൾസും പൊലീസും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് ലഹരികടത്ത് സംഘത്തെ വലയിലാക്കിയത്. 12 കോടി രൂപ വിലമതിക്കുന്ന ബ്രൗൺ ഷുഗർ, 50 കോടി രൂപയുടെ രണ്ട് ലക്ഷത്തോളം യബ ഗുളികകൾ എന്നിവയാണ് പിടികൂടിയത്. 3.37 ലക്ഷം രൂപയും പ്രതികളിൽ നിന്ന് പിടച്ചെടുത്തിട്ടുണ്ട്.
ലഹരിക്കടത്ത് നടക്കുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് സംഘം പരിശോധന നടത്തിയത്. ഇന്നലെ രാത്രി 11.30-ന് ചെക്ക് പോസ്റ്റിലായിരുന്നു പരിശോധന. പുലർച്ചെ 5.30 ഓടെയാണ് സംഘം എത്തിയത്. സംശായാസ്പദമായി കണ്ടതോടെ ഇവരെ തടഞ്ഞുനിർത്തി പരിശോധിക്കുകയായിരുന്നു.
പിടികൂടിയ ലഹരിവസ്തുക്കൾ കൂടുതൽ അന്വേഷണത്തിനായി ചുരാചന്ദ്പൂർ പൊലീസ് ഉദ്യോഗസ്ഥർക്ക് കൈമാറി.















