മലപ്പുറം: നിറമില്ലെന്ന പേരിൽ അധിക്ഷേപിച്ചതിനെ തുടർന്ന് 19-കാരി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവിനെതിരെ കരുനീക്കവുമായി പൊലീസ്. മൊറയൂർ പൂന്തലപ്പറമ്പ് അബ്ദുൾ വാഹിദിനെതിരെ ഭാരതീയ ന്യായ സംഹിതയിലെ 85-ാം വകുപ്പ് കൂടി ചുമത്തി. നേരത്തെ അസ്വാഭാവിക മരണത്തിന് മാത്രമാണ് കേസെടുത്തിരുന്നത്.
ഭർത്താവോ ബന്ധുക്കളോ ക്രൂരമായി പെരുമാറുന്നതിനെതിരെയാണ് ഈ വകുപ്പ് പ്രകാരം കേസെടുക്കുന്നത്. കൊണ്ടോട്ടി ഡിവൈ.എസ്.പി ബന്ധുക്കളിൽ നിന്ന് മൊഴിയെടുത്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പുതുതായി മറ്റൊരു വകുപ്പ് കൂടി ചുമത്തിയിരിക്കുന്നത്.
ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് കൊണ്ടോട്ടി പറശീരി ബഷീറിന്റെയും ഷമീനയുടെയും മകൾ ഷഹാന മുംതാസിനെ മരിച്ച നിലയിൽ കണ്ടെത്തുന്നത്. 2024 മേയ് മാസത്തിലായിരുന്നു ഇരുവരുടെയും വിവാഹം. 20 ദിവസത്തിന് ശേഷം ഭർത്താവ് വിദേശത്തേക്ക് പോയി. അവിടെ എത്തിയ ശേഷം നിരന്തരം അവഹേളിച്ചിരുന്നതായാണ് പരാതി. നിറമില്ലെന്നും ഇംഗ്ലിഷ് അറിയില്ലെന്നും പറഞ്ഞ് മാനസികമായി പീഡിപ്പിച്ചിരുന്നു. വിാവഹബന്ധം ഒഴിയാനും നിർബന്ധിച്ചിരുന്നു. ഇതിനിടയിൽ വാഹിദിന്റെ കുടുംബം ബന്ധത്തിൽ നിന്ന് ഒഴിയുകയാണെന്ന് അറിയിച്ചതിന് പിന്നാലെയാണ് യുവതി തൂങ്ങി മരിച്ചത്.
സംഭവത്തിൽ വനിതാ കമ്മീഷനും യുവജന കമ്മീഷനും സ്വമേധയാ കേസെടുത്തിരുന്നു. ഭർത്താവിനെ നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ് പൊലീസ്.















