ലക്നൗ: സോഷ്യൽമീഡിയയിലൂടെ പാകിസ്താൻ അനുകൂല പോസ്റ്റ് പ്രചരിപ്പിച്ച സംഭവത്തിൽ യുവാവിനെ അറസ്റ്റ് ചെയ്ത് യുപി പൊലീസ്. ഉത്തർപ്രദേശിലെ ബറോലിയിലാണ് സംഭവം. നവാബ്ഗഞ്ച് സ്വദേശിയായ ഇമ്രാനാണ് അറസ്റ്റിലായത്. ഇൻസ്റ്റഗ്രാം സ്റ്റോറിയിലാണ് യുവാവ് പാകിസ്താനെ അനുകൂലിക്കുന്ന തരത്തിൽ പോസ്റ്റിട്ടത്.
പാകിസ്താൻ സിന്ദാബാദ് എന്നായിരുന്നു പോസ്റ്റ്. ഇത് സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് പൊലീസ് കേസെടുത്തത്. പോസ്റ്റിനെ കുറിച്ച് നിരവധി ആളുകൾ പരാതികൾ നൽകിയതായി ബറോലി പൊലീസ് സ്റ്റേഷനിലെ ഇൻസ്‌പെക്ടർ രാജ് കുമാർ ശർമ പറഞ്ഞു. പൊതുജനങ്ങളുടെ വികാരം വ്രണപ്പെടുത്തുന്ന തരത്തിലുള്ള പോസ്റ്റാണ് യുവാവ് പ്രചരിപ്പിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദിവസമാണ് പാകിസ്താൻ അനുകൂല പോസ്റ്റ് സോഷ്യൽമീഡിയയിൽ പ്രത്യക്ഷപ്പെട്ടത്. പിന്നാലെ യുവാവിനെ വിമർശിച്ച് നിരവധി പേർ രംഗത്തെത്തി. സോഷ്യൽമീഡിയയിൽ പ്രതിഷേധവും കനക്കുന്നുണ്ട്. കേസിൽ അന്വേഷണം നടന്നുവരികയാണെന്നും കൂടുതൽ ആളുകളെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുകയാണെന്നും മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ അറിയിച്ചു.















