കോട്ടയം: പാലായിലെ സ്കൂളിൽ വിദ്യാർത്ഥിയെ നഗ്നനാക്കി ദൃശ്യങ്ങൾ പകർത്തിയ സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്ത്. അല്ലു അർജുൻ നായകനായ പുഷ്പ എന്ന സിനിമയെ അനുകരിച്ചാണ് വിദ്യാർത്ഥികൾ ഇത് ചെയ്തതെന്നാണ് സ്കൂൾ അധികൃതർ അറിയിച്ചു.
ഒമ്പതാം ക്ലാസിലെ ഏഴ് വിദ്യാർത്ഥികളാണ് വീഡിയോ ചിത്രീകരിച്ചത്. സംഭവത്തിൽ ജുവനൈൽ ജസ്റ്റിസ് ബോർഡിന് അന്വേഷണ സംഘം റിപ്പോർട്ട് കൈമാറും. പാലാ പൊലീസാണ് റിപ്പോർട്ട് നൽകുന്നത്. ഉപദ്രവത്തിന് ഇരയായ കുട്ടിയുടെയും സ്കൂൾ അദ്ധ്യാപകരുടെയും മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു.
ജുവനൈൽ ജസ്റ്റിസ് ബോർഡിന്റെ ശുപാർശ പ്രകാരമായിരിക്കും പൊലീസിന്റെ തുടർ നടപടികൾ. മുമ്പും കുട്ടി ഉപദ്രവത്തിന് ഇരയായിട്ടുണ്ടെന്ന് സ്കൂൾ അധികൃതർ അറിയിച്ചു.
ജനുവരി 10-നും സഹപാഠികൾ ചേർന്ന് വിദ്യാർത്ഥിയെ ഉപദ്രവിച്ചിരുന്നു. കഴിഞ്ഞ ദിവസത്തെ സംഭവത്തിന് ശേഷമാണ് അദ്ധ്യാപകരെ വിദ്യാർത്ഥി വിവരം അറിയിച്ചത്.















