തിരുവനന്തപുരം: നെടുമങ്ങാട് ടൂറിസ്റ്റ് ബസ് അപകടത്തിൽ ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കി എംവിഡി. ഡ്രൈവർ അരുൺ ദാസിന്റെ ലൈസൻസാണ് റദ്ദാക്കിയത്. ഒരാൾക്ക് മരണം സംഭവിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്ത ബസ്സപകടം അമിതവേഗത കാരണം സംഭവിച്ചതാണെന്ന് കണ്ടെത്തിയതിന്റെ പശ്ചാത്തലത്തിലാണ് മോട്ടോർ വാഹന വകുപ്പിന്റെ നടപടി.
ഡ്രൈവറുടെ അശ്രദ്ധയും അമിതവേഗതയും അപകടത്തിന് കാരണമാക്കിയെന്ന് മോട്ടോർ വാഹന വകുപ്പ് പറയുന്നു. ടൂറിസ്റ്റ് ബസിന്റെ ഫിറ്റ്നസും പെർമിറ്റും റദ്ദാക്കിയിട്ടുണ്ട്. ബസിൽ അനധികൃതമായി ശബ്ദ-ദൃശ്യ സംവിധാനങ്ങൾ ഘടിപ്പിച്ചതായും എംവിഡി അറിയിച്ചു.
അലക്ഷ്യമായി വാഹനമോടിച്ചതാണ് അപകടത്തിലേക്ക് നയിച്ചതെന്ന് പ്രാഥമിക പരിശോധനയിൽ തന്നെ മോട്ടോർ വാഹന വകുപ്പ് കണ്ടെത്തിയിരുന്നു. തുടർന്ന് അരുൺ ദാസിനെതിരെ കേസെടുക്കുകയും അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു. ബസിലുണ്ടായിരുന്ന 41 പേരാണ് വിവിധ ആശുപത്രിയിലായി ചികിത്സയിലുള്ളത്. ഇതിൽ കുട്ടികളും പ്രായമായവരുമുണ്ട്. എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണ്.
വെള്ളിയാഴ്ച രാത്രിയാണ് ബസ് അപകടത്തിൽപ്പെട്ടത്. കാട്ടാക്കട സ്വദേശികളുമായി മൂന്നാറിലേക്ക് പുറപ്പെട്ട ടൂറിസ്റ്റ് ബസ് നെടുമങ്ങാട് വച്ച് അപകടത്തിൽപ്പെടുകയായിരുന്നു. കൊടുംവളവിലൂടെ അമിതവേഗത്തിൽ പാഞ്ഞ ബസ് നിയന്ത്രണംവിട്ട് മറിഞ്ഞു. 49 പേരായിരുന്നു ബസിലുണ്ടായിരുന്നത്. ഇതിൽ 60 വയസുള്ള സ്ത്രീ മരിക്കുകയും ചെയ്തിരുന്നു.