ന്യൂഡൽഹി: നടൻ സെയ്ഫ് അലി ഖാനെ കുത്തിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ പ്രതിയെന്ന് കരുതുന്നയാളെ പിടികൂടിയതായി റിപ്പോർട്ട്. ഛത്തീസ്ഗഡിൽ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പ്രതിയെ ഉടൻ തന്നെ മുംബൈയിലേക്ക് കൊണ്ടുവരും. അപ്പാർട്ട്മെന്റിലെ സിസിടിവി ദൃശ്യങ്ങളിൽ കണ്ട യുവാവിനെ തന്നെയാണ് ഛത്തീസ്ഗഡിലെ ദുർഗിൽ നിന്ന് പിടികൂടിയതെന്നാണ് വിവരം.
ട്രെയിനിലെ ജനറൽ കോച്ചിൽ നിന്ന് ആർപിഎഫ് ഉദ്യോഗസ്ഥരാണ് പ്രതിയെ പിടികൂടിയത്. ഇക്കാര്യം ദുർഗിലെ ഇൻചാർജായ സഞ്ജീവ് സിൻഹ എഎൻഐയോട് സ്ഥിരീകരിച്ചു. ആകാശ് കനോജിയ എന്ന യുവാവാണ് ദുർഗിൽ കസ്റ്റഡിയിലുള്ളത്.
സെയ്ഫ് അലി ഖാനെ ആക്രമിച്ച കേസിലെ പ്രതി ജ്ഞാനേശ്വരി എക്സ്പ്രസ് ട്രെയിനിൽ യാത്ര ചെയ്യുന്നതായി മുംബൈ പൊലീസിൽ നിന്ന് വിവരം ലഭിച്ചിരുന്നതായി ആർപിഎഫ് ഉദ്യോഗസ്ഥൻ സഞ്ജീവ് സിൻഹ പറഞ്ഞു. പ്രതിയുടെ ഫോട്ടോയും ടവർ ലൊക്കേഷനും മുംബൈ പൊലീസ് നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ ജനറൽ കോച്ചിൽ നിന്ന് പ്രതിയെ കണ്ടെത്തി. മുംബൈ പൊലീസ് ഉദ്യോഗസ്ഥർ വീഡിയോ കോൾ വഴി ബന്ധപ്പെടുകയും പ്രതിയെ സ്ഥിരീകരിക്കുകയും ചെയ്തു. മുംബൈ പൊലീസ് സംഘം ഉടൻ ദുർഗിലെത്തി കസ്റ്റഡിയിലെടുത്തയാളെ വിശദമായി ചോദ്യം ചെയ്യും. – സഞ്ജീവ് സിൻഹ പ്രതികരിച്ചു.
രാജ്യമെമ്പാടും ചർച്ചയായ കേസിലെ പ്രതിയെ ഛത്തീസ്ഗഡിൽ നിന്ന് പിടികൂടിയെന്ന വാർത്ത മുഖ്യമന്ത്രി വിഷ്ണു ദിയോ സായിയും സ്ഥിരീകരിച്ചു. മുംബൈ പൊലീസെത്തിയാൽ പ്രതിയെ കൈമാറുമെന്ന് അദ്ദേഹം വ്യക്തമാക്കി.
ഏതാനും ദിവസങ്ങൾക്ക് മുൻപായിരുന്നു മുംബൈ ബാന്ദ്രയിലെ അപ്പാർട്ട്മെന്റിൽ വച്ച് സെയ്ഫ് അലി ഖാൻ ആക്രമിക്കപ്പെട്ടത്. വീട്ടിൽ മോഷണത്തിന് കയറിയ കള്ളനെ പ്രതിരോധിക്കുന്നതിനിടെയായിരുന്നു ആക്രമണം. നടന്റെ ഇളയമകൻ ഉറങ്ങിക്കിടന്ന റൂമിലേക്ക് പ്രവേശിച്ച കള്ളനെ വീട്ടിലെ ജോലിക്കാരിയാണ് ആദ്യം കണ്ടത്. തുടർന്നുണ്ടായ ബഹളത്തിന് പിന്നാലെ സെയ്ഫ് ഓടിവരികയും കള്ളനെ കീഴ്പ്പെടുത്താൻ ശ്രമിക്കുകയുമായിരുന്നു. കഴുത്തിലും കൈയിലും നട്ടെല്ലിലും ആഴത്തിൽ മുറിവേറ്റ സെയ്ഫ് അലി ഖാനെ അർദ്ധരാത്രി ഓട്ടോറിക്ഷയിലാണ് ആശുപത്രിയിലെത്തിച്ചത്. ശസ്ത്രക്രിയകൾക്ക് ശേഷം ഐസിയുവിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്ന നടന്റെ ആരോഗ്യനില നിലവിൽ തൃപ്തികരമാണ്.