എറണാകുളം: കൂത്താട്ടുകുളം നഗരസഭാ കൗൺസിലറെ കടത്തിക്കൊണ്ടുപോയ സംഭവത്തിൽ സിപിഎം-ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെ ഗുരുതരമായ വെളിപ്പെടുത്തൽ. തന്നെ കടത്തിക്കൊണ്ടുപോയത് പാർട്ടി നേതാക്കളാണെന്ന് സിപിഎം കൗൺസിലറായ കലാ രാജു പ്രതികരിച്ചു. വസ്ത്രം വലിച്ചുകീറി, വാഹനത്തിലേക്ക് വലിച്ചിഴച്ചു, സ്ത്രീയെന്ന പരിഗണന പോലും നൽകിയില്ലെന്നാണ് കലാ രാജുവിന്റെ ആരോപണം. തന്റെ കാൽ വെട്ടുമെന്ന് ഡിവൈഎഎഫ്ഐ പ്രവർത്തകൻ ഭീഷണിപ്പെടുത്തിയെന്നും അവർ പ്രതികരിച്ചു.
കടത്തിക്കൊണ്ടുപോയതിന് ശേഷം സിപിഎം ഏരിയ കമ്മിറ്റി ഓഫീസിലാണ് താമസിപ്പിച്ചത്. എല്ലാം നടന്നത് ഏരിയാ സെക്രട്ടറിയുടെ അറിവോടെയായിരുന്നു. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടപ്പോൾ ആശുപത്രിയിൽ എത്തിക്കാൻ പോലും സിപിഎം പ്രവർത്തകർ തയ്യാറായില്ലെന്നും വനിതാ കൗൺസിലർ പറഞ്ഞു. മറ്റ് ഉപദ്രവങ്ങളൊന്നും പാർട്ടി പ്രവർത്തകരുടെ ഭാഗത്തുനിന്നുണ്ടായില്ലെന്ന് വ്യക്തമാക്കിയ കൗൺസിലർ, അവിശ്വാസപ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്യുന്നതിൽ നിന്ന് പിന്തിരിപ്പിക്കാനുള്ള ശ്രമം പാർട്ടിക്കാർ നടത്തിയതായും ആരോപിച്ചു.
അരുൺ അശോകൻ എന്ന ഡിവൈഎഫ്ഐ പ്രവർത്തകനാണ് വാഹനത്തിലേക്ക് വലിച്ചുകയറ്റിയത്. കാറിന്റെ ഡോറിന് അടിയിൽ കാൽ കുടുങ്ങിയെന്ന് പറഞ്ഞപ്പോൾ, അവിടെ എത്തിയതിന് ശേഷം വെട്ടിത്തരാമെന്നായിരുന്നു മറുപടി. കഴുത്തിന് കുത്തിപ്പിടിച്ചായിരുന്നു വാഹനത്തിൽ കയറ്റിയത്. പിന്നീട് നെഞ്ചുവേദന അനുഭവപ്പെട്ടപ്പോൾ ഗ്യാസിന്റെ ഗുളിക നൽകി. താൻ ഹൃദ്രോഗിയാണെന്നും ആശുപത്രിയിൽ പോകണമെന്നും പറഞ്ഞപ്പോൾ ഏരിയാ സെക്രട്ടറിയോട് ചോദിക്കട്ടെയെന്നായിരുന്നു പാർട്ടി പ്രവർത്തകരുടെ മറുപടിയെന്നും കല പറഞ്ഞു. പാർട്ടിയിൽ തുടരുന്ന കാര്യത്തിൽ ഇനി ആലോചിച്ച് തീരുമാനമെടുക്കുമെന്നാണ് കലയുടെ നിലപാട്.















