ദുബായ്: ലോകത്തിലെ ഏറ്റവും തിരക്കേറിയ അന്താരാഷ്‌ട്ര വിമാനത്താവളമായി ദുബായ് എയർപോർട്ട്. കഴിഞ്ഞ വർഷം 6.02 കോടി യാത്രക്കാരെ കൈകാര്യം ചെയ്തതിലൂടെയാണ് ദുബായ് ആഗോളതലത്തിൽ മുൻനിരയിലെത്തിയത്. ഏവിയേഷൻ കൺസൽട്ടൻസിയായ ഒ.എ.ജിയാണ് റിപ്പോർട്ട് പുറത്ത് വിട്ടത്.
ആഗോള ലക്ഷ്യസ്ഥാനമെന്ന നിലയിൽ ദുബായുടെ വളർച്ചയാണ് ഏവിയേഷൻ കൺസൽട്ടൻസിയായ ഒ.എ.ജി പുറത്തുവിട്ട റിപ്പോർട്ട് അടയാളപ്പെടുത്തുന്നത്. ഓരോ വർഷവും ദുബായ് അന്താരാഷ്‌ട്ര വിമാനത്താവളത്തിലൂടെ യാത്ര ചെയ്യുന്നവരുടെ എണ്ണം കുത്തനെ കൂടുകയാണ്. 2024ൽ 6.02 കോടി യാത്രക്കാരാണ് ദുബായ് വിമാനത്താവളം വഴി യാത്രചെയ്തത്.
ലണ്ടൻ ഹീത്രു വിമാനത്താവളമാണ് തിരക്കേറിയ വിമാനത്താവളങ്ങളുടെ പട്ടികയിൽ രണ്ടാം സ്ഥാനത്തുള്ളത്. 2023-നെ അപേക്ഷിച്ച് എയർലൈൻ ശേഷിയിലും ദുബായ് കഴിഞ്ഞ വർഷം ഏഴുശതമാനം വർധനവ് രേഖപ്പെടുത്തി. ഇന്ത്യ, സൗദി അറേബ്യ, യു.കെ, പാകിസ്താൻ എന്നിവിടങ്ങളിലേക്കാണ് ദുബായിൽ നിന്ന് ഏറെ വിമാന സർവീസുകളുള്ളത്. ആകെ 106 രാജ്യങ്ങളിലായി 269 ലക്ഷ്യസ്ഥാനങ്ങളിലേക്ക് വിമാനങ്ങൾ പറക്കുന്നുണ്ട്. 101 അന്താരാഷ്‌ട്ര എയർലൈനുകളാണ് സർവീസ് നടത്തുന്നത്. ഈ വർഷം ജനുവരിയിലെ ആദ്യ 15 ദിവസം ദുബായ് വിമാനത്താവളം വഴി യാത്രചെയ്തത് 43 ലക്ഷം പേരാണ്.













