ഏത് സർക്കാർ ഭരിക്കുമ്പോഴും ജനങ്ങൾക്ക് പലവിധ ഇഷ്ടങ്ങളും താത്പര്യങ്ങളുമാകും ഉണ്ടാവുക. ചിലപ്പോൾ അവർ പ്രതിനിധീകരിക്കുന്ന പാർട്ടിയോടാകും താത്പര്യം, ചിലപ്പോൾ വ്യക്തികളോടാകും. എന്തായാലും പിണറായി വിജയന്റെ സർക്കാരിനോടും സർക്കാരിന്റെ നയങ്ങളോടും ജനങ്ങൾക്ക് എന്താണ് അഭിപ്രായമെന്ന് അന്വേഷിച്ചിറങ്ങുകയാണ് കേരള പൊലീസ്. രഹസ്യാന്വേഷണ വിഭാഗത്തെ ഉപയോഗിച്ചാണ് പൊലീസ് ജനാഭിപ്രായം അറിയുന്നത്. പത്ത് ചോദ്യങ്ങളുമായാണ് പൊലീസ് ജനങ്ങളെ സമീപിക്കുന്നത്.
എല്ലാ ജില്ലകളിലും പൊലീസിന്റെ രഹാസ്യന്വേഷണ വിഭാഗം അരയും തലയും മുറുക്കി കഴിഞ്ഞു. പൊതുജനങ്ങളെ ബാധിക്കുന്ന പ്രധാന പ്രശ്നങ്ങളും പ്രാദേശിക പ്രശ്നങ്ങളും എന്താണെന്ന് മനസിലാക്കണം, സർക്കാരിന്റെ പ്രതിച്ഛായയെ ബാധിക്കുന്നവ കണ്ടെത്തണം തുടങ്ങിയ കാര്യങ്ങളാണ് നിർദ്ദേശിച്ചിരിക്കുന്നത്. തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് സർവേ എന്നതാണ് ശ്രദ്ധേയം.
തൊഴിലാളികൾ, ഡ്രൈവർമാർ, യുവാക്കൾ, കോളേജ് വിദ്യാർത്ഥികൾ, സർക്കാർ ജീവനക്കാർ, വ്യാപാരികൾ എന്ന് തുടങ്ങി സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ളവരുടെ മനസിലിരിപ്പ് പൊലീസ് ഒപ്പിയെടുക്കും. ജനങ്ങളുടെ അഭിപ്രായങ്ങൾ ആരാഞ്ഞ് അതിനുള്ള പരിഹാരം കണ്ടെത്താൻ നിർദ്ദേശിച്ചതായാണ് വിവരം.
പ്രധാന ചോദ്യങ്ങൾ ഇവയാണ്..
- പ്രദേശത്ത് അടിയന്തര ശ്രദ്ധ പതിയേണ്ട വിഷയമെന്താണ്?
- സർക്കാരിനെ കുറിച്ചുള്ള വിലയിരുത്തൽ
- സർക്കാരിന്റെ പ്രവർത്തനം എങ്ങനെ? ഇനിയും മെച്ചപ്പെടുത്തുന്നതിനായുള്ള നിർദ്ദേശങ്ങൾ
- ക്ഷേമ പെൻഷനുകൾ കൃത്യസമയത്ത് ലഭിക്കുന്നുണ്ടോ?
- സർക്കാരിന്റെ പ്രതിച്ഛായ തകർക്കുന്ന വിഷയങ്ങൾ എന്താണ്?
- നാട്ടിലെ റോഡുകളുടെ അവസ്ഥ എന്താണ്?
- സപ്ലൈകോയിൽ നിന്ന് സാധനങ്ങൾ ലഭിക്കുന്നുണ്ടോ?
- പ്രകൃതി ക്ഷേഭം, വന്യജീവി ആക്രമങ്ങൾ തുടങ്ങിയ വിഷയങ്ങൾ