മലയാള സിനിമയുടെ സമ്പത്താണ് ശ്രീനിവാസനെന്ന് നടൻ ജഗദീഷ്. കരുത്തുറ്റ സംവിധായകനും തന്റെ ഏറ്റവും അടുത്ത സുഹൃത്തുമാണ് ശ്രീനിവാസനെന്നും ജഗദീഷ് പറഞ്ഞു. 1985-ൽ റിലീസ് ചെയ്ത മുത്താരംകുന്ന് പിഒ എന്ന സിനിമയിൽ ശ്രീനിവാസനോടൊപ്പം വർക്ക് ചെയ്തതിന്റെ ഓർമകൾ പങ്കുവക്കുകയായിരുന്നു ജഗദീഷ്.
“മുത്താരംകുന്ന് പി ഒ എന്ന സിനിമയുടെ കഥ എന്റേതാണെങ്കിലും അതിനെ ഒരു സിനിമയാക്കിയത് ശ്രീനിവാസനാണ്. കഥാബീജമാണ് എന്റേതെന്ന് പറയാനാവും. അതിലെ അമ്മിണിക്കുട്ടി എന്ന കഥാപാത്രത്തെയും മമ്മൂട്ടി ഉൾപ്പെടെയുള്ളവരുടെ സാന്നിധ്യം കൊണ്ടുവന്നതും ശ്രീനിവാസനാണ്. ‘എന്റെ സഹൃദയം സമക്ഷം’ എന്ന നാടകത്തിൽ ഇതിന്റെ കഥയുണ്ട്. അതിന് പുതിയൊരു ഭാഷ്യം കൊണ്ടുവന്നത് ശ്രീനിവാസനാണ്. മലയാള സിനിമയുടെ കരുത്തും സമ്പത്തുമാണ് ശ്രീനിവാസൻ. എന്റെ ഏറ്റവും അടുത്ത സുഹൃത്താണ് അദ്ദേഹം”.
“എന്റെ കഥയിലെ കഥാപാത്രത്തിന്റെ പേര് അമ്മിണിക്കുട്ടി എന്നല്ലായിരുന്നു. ഇതിൽ മുകേഷിന് കൊടുത്തിരിക്കുന്ന പേര് ദിലീപ് കുമാർ എന്നാണ്. ദേവാനന്ദ് എന്നാണ് ശ്രീനിവാസന് കൊടുത്തിരിക്കുന്ന പേര്. ഇത് രണ്ടും പ്രശ്സതരായ രണ്ട് നടന്മാരാണ്. പക്ഷേ, വാസു എന്നായിരുന്നു എന്റെ പേര്. ഇന്ന് ആലോചിക്കുമ്പോൾ എനിക്ക് വലിയ സന്തോഷമുണ്ട്. മലയാളത്തിന്റെ മണമുള്ള പേരാണ് വാസു”.
ധാരാ സിംഗിനെ കൊണ്ടുവരണമെന്ന് ശ്രീനിവാസനാണ് പറഞ്ഞത്. ധാരാ സിംഗിനെ കാണാനായി എന്നെയാണ് പറഞ്ഞുവിട്ടത്. ഞാൻ അതുവരെ ഫ്ലൈറ്റിൽ കയറിയിട്ടില്ല. ഫ്ലൈറ്റ് എന്താണെന്ന് പോലും എനിക്ക് അറിയില്ല. അവിടെ പോയി അദ്ദേഹത്തെ കണ്ടു. ഒരുപാട് കാര്യങ്ങൾ അദ്ദേഹവുമായി സംസാരിക്കാൻ കഴിഞ്ഞു. പിന്നീട് 25,000 രൂപക്ക് ധാരാ സിംഗ് വരാമെന്ന് സമ്മതിച്ചു. കമലും ശ്രീനിവാസനും ശരിക്കും ഞെട്ടിപോയി. അവർക്ക് വിശ്വസിക്കാൻ കഴിഞ്ഞിരുന്നില്ല”.
“സിനിമയിൽ പ്രേമത്തിന് എന്ത് പുതുമ കൊണ്ടുവരാമെന്നാണ് ശ്രീനിവാസൻ ആലോചിച്ചത്. അങ്ങനെയാണ് അമ്മിണിക്കുട്ടിയെ ഒരു മമ്മൂട്ടി ആരാധികയായി സിനിമയിൽ ചിത്രീകരിച്ചതെന്നും” ജഗദീഷ് പറഞ്ഞു.















