വാഷിംഗ്ടൺ: അമേരിക്കയുടെ 47-ാമത് പ്രസിഡന്റായി അധികാരമേൽക്കുന്ന ഡോണാൾഡ് ട്രംപിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാൻ റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി വാഷിംഗ്ടണിൽ. ഭാര്യ നിത അംബാനിയോടൊപ്പമാണ് മുകേഷ് അംബാനി സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കുക. സത്യപ്രതിജ്ഞാ ചടങ്ങിന് മുന്നോടിയായി വാഷിംഗ്ടണിൽ സംഘടിപ്പിച്ച വിരുന്നുസൽക്കാരത്തിൽ പങ്കെടുക്കുന്ന ഇരുവരുടെയും ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട്.
എം3എം ഡെവലപ്പേഴ്‌സ് മാനേജിംഗ് ഡയറക്ടർ പങ്കജ് ബൻസാൽ, ട്രിബെക്ക ഡെവലപ്പേഴ്‌സ് സ്ഥാപകൻ കൽപേഷ് മേത്ത എന്നിവരോടൊപ്പമുള്ള ചിത്രങ്ങളാണ് പുറത്തെത്തിയിരിക്കുന്നത്. കൽപേഷ് മേത്തയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലാണ് ചിത്രങ്ങൾ പ്രത്യക്ഷപ്പെട്ടത്. ‘നിയുക്ത പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ സത്യപ്രതിജ്ഞയ്‌ക്ക് മുന്നോടിയായി നടന്ന വിരുന്നുസൽക്കാരത്തിൽ മുകേഷ് അംബാനിക്കും നിതയ്‌ക്കുമൊപ്പമുള്ള സന്തോഷകരമായ നിമിഷങ്ങൾ’ – എന്ന അടികുറിപ്പോടെയാണ് കൽപേഷ് മേത്ത ചിത്രങ്ങൾ പങ്കുവച്ചത്.
ആമസോൺ മേധാവി ജെഫ് ബെസോസ് ഉൾപ്പെടെയുള്ള പ്രമുഖ വ്യവസായികളും അത്താഴവിരുന്നിൽ പങ്കെടുത്തു. ഓവർ കോട്ടോടുകൂടിയ പട്ടുസാരിയാണ് നിത അംബാനി ധരിച്ചിരിക്കുന്നത്. കറുത്ത സ്യൂട്ടാണ് മുകേഷം അംബാനിയുടെ വേഷം. തെരഞ്ഞടുക്കപ്പെട്ട പ്രമുഖ അതിഥികളോടൊപ്പം ലോകത്തിലെ പ്രമുഖ ധനികരിലൊരാളായ മുകേഷ് അംബാനിയും സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കും.
ചടങ്ങിൽ പങ്കെടുക്കാനെത്തിയ എല്ലാ അതിഥികൾക്കും വിപുലമായ ഒരുക്കങ്ങളാണ് വാഷിംഗ്ടണിൽ ഒരുക്കിയിരിക്കുന്നത്. ട്രംപിന്റെ സത്യപ്രതിജ്ഞയ്‌ക്ക് ശേഷം മെറ്റ ചീഫ് മാർക് സുക്കർബെർഗ് സംഘടിപ്പിക്കുന്ന പരിപാടിയിലും മുകേഷ് അംബാനിയും ഭാര്യയും പങ്കെടുക്കും.