കണ്ണൂർ: പരിയാരം മെഡിക്കൽ കോളേജിനെതിരെ ഗുരുതര പരാതി. 25 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിന്റെ കാലിൽ തറച്ചുകയറിയ നിലയിൽ സൂചിയുടെ ഭാഗം കണ്ടെത്തി. കുഞ്ഞിന്റെ തുടയിൽ നിന്ന് മൂന്ന് സെന്റിമീറ്റർ നീളമുള്ള സൂചി കഷ്ണമാണ് കണ്ടെത്തിയത്. കുഞ്ഞിന് പ്രതിരോധ കുത്തിവെപ്പ് എടുത്തപ്പോഴുണ്ടായ പിഴവാണെന്ന് മാതാപിതാക്കൾ ആരോപിച്ചു.
തുടയിൽ പഴുപ്പ് കണ്ടതോടെയാണ് മാതാപിതാക്കൾ കുഞ്ഞിനെ സ്വകാര്യ ആശുപത്രിയിൽ കൊണ്ടുപോയത്. ഇവിടെ നടത്തിയ പരിശോധനയിലാണ് കുഞ്ഞിന്റെ തുടയിൽ നിന്ന് സൂചി കണ്ടെത്തിയത്. കുഞ്ഞിന്റെ പിതാവ് ശ്രീജു മുഖ്യമന്ത്രിക്ക് പരാതി നൽകിയിട്ടുണ്ട്. ജനിച്ച് രണ്ടാം ദിവസം നൽകിയ പ്രതിരോധ കുത്തിവെപ്പിന് ശേഷം കുഞ്ഞിന് പ്രശ്നങ്ങളുണ്ടായിരുന്നെന്നും രണ്ട് തവണ പരിയാരം മെഡിക്കൽ കോളേജിൽ കാണിച്ചിട്ടും കുറഞ്ഞില്ലെന്നും കുഞ്ഞിന്റെ അച്ഛൻ പ്രതികരിച്ചു.
കഴിഞ്ഞ മാസം 24-നാണ് കുഞ്ഞ് ജനിച്ചത്. അടുത്ത ദിവസം കുഞ്ഞിന് രണ്ട് വാക്സിൻ എടുത്തശേഷം ഡിസ്ചാർജ് ചെയ്തു. കുഞ്ഞിന്റെ കൈയ്‌ക്കും കാലിനുമാണ് വാക്സിൻ എടുത്തത്. ആദ്യം കുരുപോലെയാണ് വന്നത്. പിന്നീട് അത് വലുതാകാൻ തുടങ്ങി. തുടർന്ന് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. കുഞ്ഞിന്റെ കാലിലെ പഴുപ്പ് പുറത്തെടുക്കുന്നതിനിടെയാണ് സൂചി കഷ്ണം പുറത്തേക്ക് വന്നത്.
നവജാതശിശുക്കളുടെ തുടയിൽ പ്രതിരോധ കുത്തിവെപ്പ് എടുക്കില്ലെന്നും ഇത്രയും നീളമുള്ള സൂചി ഉപയോഗിക്കില്ലെന്നും പരിയാരം മെഡിക്കൽ കോളേജ് അധികൃതർ പറഞ്ഞു.















