മുംബൈ: ബോളിവുഡ് നടൻ സെയ്ഫ് അലി ഖാനെ ആക്രമിച്ച പ്രതിയുമായി അന്വേഷണ സംഘം ബാന്ദ്രയിലെ സെയ്ഫിന്റെ വീട്ടിലെത്തും. സംഭവം പുനസൃഷ്ടിക്കുമെന്ന് പൊലീസ് അറിയിച്ചു. വീട്ടിലേക്ക് കയറിയത് മുതൽ സെയ്ഫിനെ ആക്രമിക്കുന്നതും ഒടുവിൽ വീട്ടിൽ നിന്ന് പുറത്തേക്ക് കടന്നതും ഉൾപ്പെടെ പുനഃസൃഷ്ടിക്കും. കൃത്യത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടെന്ന നിഗമനത്തിൽ ഉറച്ചുനിൽക്കുകയാണ് അന്വേഷണ സംഘം.
നിലവിൽ അഞ്ച് ദിവസത്തേക്കാണ് പ്രതിയെ പൊലീസ് കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്. കോണിപ്പടിയിലൂടെയും പൈപ്പിലൂടെയുമാണ് മുകളിലേക്ക് കയറിയതെന്ന് പ്രതി പൊലീസിന് മൊഴി നൽകിയിരുന്നു. വീട്ടിൽ നിന്ന് പുറത്തിറങ്ങിയ ഷെരീഫുൾ ബാന്ദ്ര ബസ് സ്റ്റോപ്പിലാണ് കിടന്നുറങ്ങിയത്. അടുത്ത ദിവസം രാവിലെ ഏഴ് മണിവരെ പ്രതി ബാന്ദ്രയിൽ തന്നെയുണ്ടായിരുന്നുവെന്നും പൊലീസ് പറഞ്ഞു.
സെയ്ഫ് അലി ഖാന്റെ വീടാണെന്ന് തനിക്ക് അറിയില്ലായിരുന്നുവെന്നാണ് പ്രതി പൊലീസിനോട് പറഞ്ഞത്. ഏഴാംനില വരെ കോണിപ്പടി കയറിയാണ് പോയത്. തുടർന്ന് പൈപ്പിലൂടെ വലിഞ്ഞുകയറി മുകളിലേക്ക് നീങ്ങി. പിന്നീട് കുളിമുറിയുടെ ജനൽ വഴിയാണ് മുറിയിലേക്ക് കടന്നത്. കുളിമുറിയിൽ നിന്ന് പുറത്തേക്ക് ഇറങ്ങുന്നതിനിടെയാണ് ജോലിക്കാരിയായ ഏലിയാമ്മ ഇയാളെ കണ്ടത്. ഒരു കോടി രൂപ ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയിരുന്നു. ഈ സമയം മുറിയിലേക്ക് എത്തിയ സെയ്ഫ് അലി ഖാൻ പ്രതിയെ കടന്നുപിടിച്ചു. രക്ഷപ്പെടാൻ വേണ്ടിയാണ് സെയ്ഫിനെ പുറകിൽ നിന്ന് കുത്തിയതെന്നും പ്രതി മൊഴി നൽകി.
ആക്രമണത്തിന് ശേഷം പ്രതിയെ കീഴ്പ്പെടുത്തി മുറിയിലിട്ട് പൂട്ടിയെന്നാണ് ജീവനക്കാർ പറഞ്ഞത്. എന്നാൽ ഇവിടെ നിന്ന് പ്രതി രക്ഷപ്പെടുകയായിരുന്നു. ഇത്രയും കാര്യങ്ങൾ പുനസൃഷ്ടിക്കും. പ്രതിയുടെ ബാഗിൽ നിന്നും സ്ക്രൂ ഡ്രൈവർ, കയർ, ചുറ്റിക ഉൾപ്പെടെയുള്ള വസ്തുക്കൾ കണ്ടെത്തിയിരുന്നു.
അതേസമയം, മുംബൈയിലെ ലീലാവതി ആശുപത്രിയിൽ ചികിത്സയിലുള്ള സെയ്ഫ് അലി ഖാന്റെ ആരോഗ്യനിലയിൽ പുരോഗതിയുണ്ട്. ഉടൻ ആശുപത്രി വിടുമെന്നാണ് വിവരം.