കൊൽക്കത്ത: ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ പുതിയ നിയന്ത്രണങ്ങൾ ഉടൻ പ്രാബല്യത്തിൽ വരുമെന്ന് ബിസിസിഐ. ജനുവരി 29 ന് ഈഡൻ ഗാർഡൻസിൽ ആരംഭിക്കുന്ന ടി20 പരമ്പര മുതൽ നിയമങ്ങൾ നടപ്പാക്കും. ബിസിസിഐ ബംഗാൾ ക്രിക്കറ്റ് അസോസിയേഷനുമായി ഇതുസംബന്ധിച്ച ചർച്ചകൾ നടത്തിയിട്ടുണ്ട്. താരങ്ങളെല്ലാം ടീം ബസിൽ തന്നെ യാത്ര ചെയ്യണമെന്നതിനാൽ ആർക്കുവേണ്ടിയും പ്രത്യേകം വാഹനങ്ങൾ ക്രമീകരിക്കേണ്ടതില്ലെന്ന് ബിസിസിഐ നിർദ്ദേശം നൽകിയിട്ടുണ്ട്.
ബോർഡർ ഗാവസ്‌കർ പരമ്പരയിലേറ്റ കനത്ത തോൽവിക്ക് പിന്നാലെയാണ് ബോർഡ് താരങ്ങൾക്ക് പ്രത്യേക പരിഗണന നൽകേണ്ടെന്ന നിലപാടെടുത്തത്. ഇതിന്റെ ഭാഗമായി പുറത്തിറക്കിയ 10 മാർഗ നിർദേശങ്ങളിൽ താരങ്ങൾ കുടുംബാംഗങ്ങളോടൊപ്പം സമയം ചിലവഴിക്കുന്നതുൾപ്പെടെയുള്ള കാര്യങ്ങളിൽ നിയന്ത്രണമുണ്ട്. ഇതിന്റെ വിശദാംശങ്ങൾ ഇന്ത്യ-ഇംഗ്ലണ്ട് ക്രിക്കറ്റ് മത്സരങ്ങൾ നടക്കുന്ന എല്ലാ സംസ്ഥാന ക്രിക്കറ്റ് ബോർഡുകളുമായും ബിസിസിഐ പങ്കിട്ടതായാണ് വിവരം.
ഇന്ത്യൻ ടീമിനായി ഒരു ടീം ബസ് മാത്രമാണ് ക്രമീകരിച്ചിരിക്കുന്നത്. ക്രിക്കറ്റ് താരങ്ങൾക്ക് വ്യക്തിഗത വാഹനങ്ങളൊന്നും ഉണ്ടാകില്ല. എല്ലാ കളിക്കാരും ഷെഡ്യൂൾ ചെയ്ത പരിശീലന സെഷനുകളുടെ മുഴുവൻ സമയവും ടീമിനൊപ്പം താമസിക്കുകയും വേദിയിലേക്കും പുറത്തേക്കും ഒരുമിച്ച് യാത്രചെയ്യുകയും വേണമെന്നും ബംഗാൾ ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡൻ്റ് സ്നേഹാശിഷ് ഗാംഗുലി വ്യക്തമാക്കി.
ടി20 പരമ്പരയ്‌ക്ക് മുന്നോടിയായി ക്യാപ്റ്റൻ സൂര്യകുമാർ യാദവിന്റെ നേതൃത്വത്തിലുള്ള ഇന്ത്യൻ ടീം കഴിഞ്ഞ ദിവസം ഈഡൻ ഗാർഡൻസിൽ പരിശീലനത്തിനെത്തിയിരുന്നു. ടീം ബസിലായിരുന്നു ക്യാപ്റ്റനും മുഖ്യപരിശീലകൻ ഗൗതം ഗംഭീറും മറ്റ് താരങ്ങളും എത്തിയത്.
Leave a Comment