കോഴിക്കോട്: ആണും പെണ്ണും ഒരുമിച്ച് വ്യായാമം ചെയ്യുന്നതിനെതിരെ കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ വീണ്ടും രംഗത്ത്. മെക് 7 വ്യായാമക്കൂട്ടായ്മയെ ചൂണ്ടിക്കാട്ടിയാണ് കാന്തപുരത്തിന്റെ പരാമർശം. സ്ത്രീകളും പുരുഷന്മാരും ഇടകലർന്ന് വ്യായാമം നടത്തുന്നു. ശരീരം തുറന്നുകാണിക്കുന്ന വസ്ത്രങ്ങൾ ധരിച്ചാണ് വ്യായാമം ചെയ്യാൻ സ്ത്രീകളെത്തുന്നത്. മതവിരുദ്ധമായ കാര്യങ്ങൾ ചെയ്യാൻ സാഹചര്യമൊരുക്കുന്നുവെന്നും കാന്തപുരം വിമർശിച്ചു. കുഴിമണ്ണയിൽ നടത്തിയ വിവാദ പ്രസംഗത്തിലാണ് കാന്തപുരത്തിന്റെ വാക്കുകൾ. മെക് 7ന്റെ പേരെടുത്ത് പറയാതെ പൊതുവായ വിമർശനമാണ് കാന്തപുരം നടത്തിയത്.
വ്യായാമമെന്ന പേരിൽ പദ്ധതിയാരംഭിച്ച് എല്ലാ കുഗ്രാമങ്ങളിലും ടൗണുകളിലും അതിനുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തുന്നു. അവിടെ സ്ത്രീകളും പുരുഷന്മാരും ഇടകലർന്നാണ് നിൽക്കുന്നതെന്ന് മാത്രമല്ല, സ്ത്രീകൾ അവരുടെ ശരീരം തുറന്നുകൊണ്ട് വ്യായാമത്തിൽ ഏർപ്പെടുകയും ചെയ്യുന്നു. സ്ത്രീയും പുരുഷനും തമ്മിൽ കാണലും നോക്കലും ഹറാമാണെന്ന ധാരണ പോലും ഇല്ലാതെയാക്കി, നാശമുണ്ടാക്കുന്ന പ്രവണതയാണുള്ളത്. പഴയകാലത്ത് നമ്മുടെ നാട്ടിലെ സ്ത്രീകൾ ഇസ്ലാമിന്റെ നിർദേശം പാലിച്ചാണ് കഴിഞ്ഞിരുന്നത്. പുരുഷന്മാരെ കാണുന്നതും കേൾക്കുന്നതും അത്യാവശ്യത്തിന് മാത്രമേ പാടൂവെന്ന നിർദേശം അവർ പാലിച്ചിരുന്നു. എന്നാൽ ഈ മറ എടുത്തുകളഞ്ഞു. ഇപ്പോൾ സ്ത്രീയും പുരുഷന്മാരും ഒത്തുകൂടുന്നതിന് യാതൊരു വിരോധവുമില്ല എന്ന് പഠിപ്പിക്കുകയാണ്. ഇത് വമ്പിച്ച നാശമാണ് ലോകത്ത് ഉണ്ടാക്കുന്നത്. – കാന്തപുരം മുസ്ലിയാർ പറഞ്ഞു.
മെക് 7-ൻ കൂട്ടായ്മക്കെതിരെ ആദ്യഘട്ടത്തിൽ സിപിഎം രംഗത്തുവന്നെങ്കിലും പിന്നീട് പിൻവാങ്ങിയിരുന്നു. എന്നാൽ തുടക്കം മുതൽ എതിർപ്പ് പ്രകടിപ്പിച്ചിരുന്നവരാണ് കാന്തപുരം വിഭാഗം.















