ലോക ഒന്നാം നമ്പർ ചെസ്സ് താരം മാഗ്നസ് കാൾസണെ തോൽപ്പിച്ച് ഒമ്പതുകാരൻ ചെസ് പ്രതിഭ. ബംഗ്ലാദേശിൽ നിന്നുള്ള റയാൻ റാഷിദ് മുഗ്ദയാണ് കാൾസനെ ഓൺലൈൻ ചെസ്സ് മത്സരത്തിൽ തോൽപ്പിച്ചത്. നോർവേ ഗ്രാൻഡ് മാസ്റ്ററും അഞ്ച് തവണ ലോകചാമ്പ്യാനുമായ കാൾസൺ ബുള്ളറ്റ് ചെസ്സ് മത്സരത്തിൽ ഒരു കുട്ടിക്കുമുന്നിൽ അടിയറവുപറഞ്ഞെന്ന വാർത്തകൾ ചെസ്സ് ലോകത്തെയും അമ്പരപ്പിക്കുകയാണ്.
chess.com എന്ന വെബ്‌സൈറ്റിൽ ജനുവരി 18 നായിരുന്നു മത്സരം. കളിക്കാർക്ക് അവരുടെ നീക്കങ്ങൾ പൂർത്തിയാക്കാൻ കേവലം ഒരു മിനിറ്റ് മാത്രം ലഭിക്കുന്ന ബുള്ളറ്റ് ഫോർമാറ്റിലായിരുന്നു ഗെയിം. ധാക്കയിലെ സൗത്ത് പോയിൻ്റ് സ്‌കൂളിലെ മൂന്നാം ക്ലാസുകാരനായ റയാൻ റാഷിദ് മുഗ്ദ ചെസിൽ സ്വന്തമായി പ്രൊഫൈലോ ഔദ്യോഗിക ചെസ് കിരീടങ്ങളോ നേടിയിട്ടില്ല. തന്റെ പരിശീലകനായ നെയിം ഹക്കിന്റെ അക്കൗണ്ട് ഉപയോഗിച്ചാണ് അവൻ കാൾസനുമായി മത്സരിച്ചത്. ഈ മത്സരഫലത്തോടെ കാൾസന്റെ റേറ്റിങ് -16 ആയി കുറഞ്ഞുവെന്നാണ് റിപ്പോർട്ടുകൾ.
എന്നാൽ തോൽവിയിൽ കാൾസൺ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഓൺലൈൻ ഗെയിമിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. കളിക്കിടെ കാൾസൺ വരുത്തിയ മണ്ടത്തരമാണ് തോൽവിക്ക് കാരണമായതെന്നാണ് ചിലരുടെ വാദം. അതേസമയം ബംഗ്ലാദേശിലെ നിലവിലെ അണ്ടർ-10 ജൂനിയർ ചാമ്പ്യനാണ് റയാൻ. കഴിഞ്ഞ ഡിസംബറിൽ ബാങ്കോക്കിൽ നടന്ന ഏഷ്യൻ സ്കൂൾ ചെസ് ചാമ്പ്യൻഷിപ്പിൽ ബംഗ്ലാദേശിനെ പ്രതിനിധീകരിച്ച് പങ്കെടുത്തിരുന്നു.