കിഷ്കിന്ധാ കാണ്ഡം എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ആസിഫ് അലിയും അപർണ ബാലമുരളിയും ഒരുമിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചു. ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് മിറാഷ് എന്നാണ് പേരിട്ടിരിക്കുന്നത്. അപർണയും ജീത്തു ജോസഫും വിളക്കുകൊളുത്തി ചിത്രത്തിന് തുടക്കമിട്ടു. കോഴിക്കോടാണ് ആദ്യഘട്ട ചിത്രീകരണം നടക്കുന്നത്.
നടൻ ഹക്കിം ഷാജഹാൻ സ്വിച്ച് ഓൺ ചടങ്ങ് നിർവഹിച്ചു. അപർണ ബാലമുരളി ആദ്യ ക്ലാപ്പടിച്ചു. ഇതിന്റെ ചിത്രങ്ങൾ ജീത്തു ജോസഫ് ഫെയ്സ്ബുക്കിൽ പങ്കുവച്ചിട്ടുണ്ട്. ബോക്സോഫിൽ മികച്ച പ്രതികരണം നേടി മുന്നേറുന്ന രേഖാചിത്രം എന്ന സിനിമയ്‌ക്ക് ശേഷം ആസിഫ് അലി നായകനായി എത്തുന്ന ചിത്രം കൂടിയാണ് മിറാഷ്.
പ്രേക്ഷകരെ സസ്പെൻസ് ത്രില്ലർ കഥകളിലേക്ക് കൂട്ടിക്കൊണ്ടുപോകുന്ന ജീത്തു ജോസഫിന്റെ പുതിയ ചിത്രത്തിനായി ഏറെ പ്രതീക്ഷയോടെയാണ് മലയാളികൾ കാത്തിരിക്കുന്നത്. നായകനായി ആസിഫ് അലി കൂടി എത്തുന്നതോടെ ഒരു ബ്ലോക്ക് ബസ്റ്റർ ചിത്രമായിരിക്കും വരാൻ പോകുന്നതെന്നാണ് പ്രേക്ഷകർ പറയുന്നത്.
ഇ ഫോർ എന്റർടെയ്ൻമെന്റിന്റെ ബാനറിൽ മുകേഷ് ആർ മെഹ്ത, ജതിൻ എം സേതി, സി വി സാരഥി എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. കഴിഞ്ഞയാഴ്ചയായിരുന്നു ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം.















