സന്നിധാനം: സന്തോഷകരമായ മണ്ഡലകാലം പൂർത്തിയാക്കിയതിന്റെ നിർവൃതിയിലാണ് ശബരിമല, മാളികപ്പുറം മേൽശാന്തിമാരും കീഴ്ശാന്തിമാരും. മകരവിളക്കിന് ഉൾപ്പെടെ വലിയ തിരക്ക് ഉണ്ടായിരുന്നെങ്കിലും ഭക്തർക്ക് കൂടുതൽ പരാതികളില്ലാതെ ദർശനമൊരുക്കാൻ സാധിച്ചിരുന്നു.
ജന്മജന്മാന്തരങ്ങളിൽ കിട്ടിയ സുകൃതത്തിന്റെ ഫലമാണ് ശ്രീധർമ്മശാസ്താവിനെ പൂജിക്കാൻ കിട്ടിയ ഭാഗ്യമെന്നും പൂർവ്വികരുടെയും ഗുരുനാഥൻമാരുടെയും മാതാപിതാക്കളുടെയും അനുഗ്രഹം കൊണ്ടാണ് അത് സഫലമായതെന്നും ശബരിമല മേൽശാന്തി അരുൺ നമ്പൂതിരി പറഞ്ഞു. പൂജകൾ പൂർത്തിയാക്കി നട അടച്ച ശേഷം സന്നിധാനത്ത് ജനംടിവിയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭഗവാനെ ദർശിക്കാൻ ആഗ്രഹമില്ലാത്ത ആരും ഉണ്ടാകില്ല. 41 ദിവസം വ്രതമെടുത്ത് 18 മലകളെയും സങ്കൽപിച്ച് 18 പടികളും ചവിട്ടി ശബരിമലയിൽ എത്തുമ്പോൾ അവരുടെ ആഗ്രഹസാഫല്യമാണ് നിറവേറുന്നത്. സ്ത്രീകളുടെ ശബരിമല എന്നറിയപ്പെടുന്ന ആറ്റുകാൽ ക്ഷേത്രത്തിലാണ് തനിക്ക് ആദ്യമായി മേൽശാന്തി പദം ലഭിച്ചത്. അവിടുത്തെ കാരുണ്യവും ഇവിടെയെത്താൻ കാരണമായെന്ന് അരുൺകുമാർ നമ്പൂതിരി പറഞ്ഞു.
ആറ്റുകാൽ ക്ഷേത്രത്തിന് സമീപം മണക്കാട് ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ കീഴ്ശാന്തിയായിരുന്ന അമ്പാടിയാണ് ശബരിമലയിലും ഇക്കുറി കീഴ്ശാന്തിയായി എത്തിയത്. ആറ്റുകാൽ അമ്മയുടെ സഹോദര സ്ഥാനത്താണ് മണക്കാട് ശാസ്താവെന്ന് അമ്പാടി പറഞ്ഞു. ശബരിമലയിലും ഒരുമിച്ച് അരുൺ കുമാർ നമ്പൂതിരിക്കൊപ്പം പൂജാകാര്യങ്ങൾ ചെയ്യാനായതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഗുരുതി പൂർത്തിയായി പുലർച്ചെ രാജപ്രതിനിധി അയ്യപ്പനോട് യാത്ര പറഞ്ഞ് പതിനെട്ടാം പടിയിറങ്ങിയതോടെയാണ് മണ്ഡലകാലത്തിന് പരിസമാപ്തിയായത്. രാവിലെ അഞ്ച് മണിയോടെ നട തുറന്ന് ഗണപതിഹോമം നടത്തി. തുടർന്നായിരുന്നു രാജപ്രതിനിധി ദർശനം നടത്തിയത്. വരും വർഷത്തെ ചിലവിനുള്ള കിഴിപ്പണവും നൽകിയ ശേഷമാണ് രാജപ്രതിനിധി മടങ്ങിയത്.